15 കോടിയുടെ നിർമ്മാണം, ചട്ട ലംഘനം, ഒടുവിൽ അട്ടിമറി കവളങ്ങാട് ബാങ്ക് കെട്ടിടം തകർന്നതിൽ കോടികളുടെ കൊള്ളയെന്ന് പരാതിക്കാർ
നേര്യമംഗലത്ത് കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം തകർന്ന സംഭവത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും, ഇതിലെ വിജിലൻസ് അന്വേഷണം എൽഡിഎഫ് സർക്കാർ അട്ടിമറിച്ചെന്നും മുൻ ജില്ലാ പഞ്ചായത്ത് അംഗം ബാബു പോൾ ആരോപിച്ചു.
കോതമംഗലം: സി.പി.എം ഭരണസമിതിക്ക് കീഴിലുള്ള കവളങ്ങാട് സഹകരണ ബാങ്ക് നേര്യമംഗലത്ത് നിർമ്മിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടം തകർന്ന് വീണ സംഭവത്തിലെ വിജിലൻസ് അന്വേഷണം എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചതായി ആരോപണം. പൊതുപ്രവർത്തകനും കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ബാബു പോളാണ് വാർത്താ സമ്മേളനത്തിൽ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. 2025 മാർച്ച് 8-നായിരുന്നു ടൂറിസം പദ്ധതിക്കായി 15.55 കോടി രൂപ ചെലവിൽ നിർമ്മിച്ചുകൊണ്ടിരുന്ന റിസോർട്ട് മന്ദിരം തകർന്നുവീണത്. തൊഴിലാളികൾ ഉച്ചഭക്ഷണത്തിന് പോയ സമയത്തായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
സംഭവത്തിൽ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാബു പോളും ബാങ്കിലെ സഹകാരിയായ അനൂപ് തോമസും ചേർന്ന് വിജിലൻസിനും സഹകരണ വകുപ്പിനും ഹൈക്കോടതിക്കും പരാതി നൽകിയിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും, ഒരു വർഷവും രണ്ട് മാസവും പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്ന് ബാബു പോൾ ചൂണ്ടിക്കാട്ടി. സഹകരണ ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർ നടപടിയെടുക്കാതെ പൂഴ്ത്തിയതായും ആക്ഷേപമുണ്ട്.
ടെൻഡർ ചട്ടങ്ങൾ ലംഘിച്ചതായി ആരോപണം
അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള പ്രവൃത്തികൾക്ക് ഇ-ടെൻഡർ വേണമെന്ന ചട്ടം ലംഘിച്ച്, മലപ്പുറത്തെ 'സ്റ്റാർ ഇൻ്റീരിയർ' എന്ന കമ്പനിക്ക് രഹസ്യമായി കരാർ നൽകുകയായിരുന്നു. പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം 13.58 കോടി രൂപയുടെ നിർമ്മാണത്തിന് രണ്ട് കോടിയോളം രൂപ അധികം നൽകിയാണ് കരാർ ഉറപ്പിച്ചത്. നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ ചട്ടവിരുദ്ധമായി 5.15 കോടി രൂപ കമ്പനിക്ക് അഡ്വാൻസ് നൽകിയതായും, സെക്യൂരിറ്റി ഡെപ്പോസിറ്റായ 77 ലക്ഷം രൂപ കമ്പനി അടച്ചില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കെട്ടിട നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി കുസാറ്റിൽ (CUSAT) നിന്നുള്ള പഠനസംഘവും കണ്ടെത്തിയിരുന്നു.
ഇതേ കമ്പനിക്ക് തന്നെയാണ് കവളങ്ങാട് ബാങ്കിൻ്റെ മറ്റ് അഞ്ച് ബ്രാഞ്ചുകളുടെ നവീകരണ ചുമതലയും, ഇടത് മുന്നണി ഭരിക്കുന്ന കുട്ടമ്പുഴ സഹകരണ ബാങ്കിൻ്റെ നിർമ്മാണ ചുമതലയും നൽകിയിട്ടുള്ളത്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ചില ബാങ്ക് ജീവനക്കാരെ ഭരണസമിതി പീഡിപ്പിക്കുന്നതായും ആരോപണമുണ്ട്.
വിജിലൻസ് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സഹകരണ വകുപ്പ് മന്ത്രി എം. ലിജു എന്നിവർക്ക് പരാതി നൽകുമെന്നും ബാബു പോളും അനൂപ് തോമസും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.