ഇടിയും തൊഴിയും ചീത്തവിളിയും ഇനി നടക്കില്ല കേരളാ പൊലീസിൽ വൻ അഴിച്ചുപണി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
സിഐമാരുടെ സ്റ്റേഷൻ ചുമതല പുനഃപരിശോധിക്കുമെന്നും ലോകായുക്തയെ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് സർക്കാരിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളാ പൊലീസിൽ വൻ അഴിച്ചുപണി: സിഐമാരുടെ സ്റ്റേഷൻ ചുമതല പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എസ്ഐമാരെ മാറ്റിനിർത്തി സർക്കിൾ ഇൻസ്പെക്ടർമാർക്ക് (സിഐ) സ്റ്റേഷൻ ചുമതല നൽകിയ മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്ന സിഐമാരെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരാക്കിയതും എസ്ഐമാരെ നിർവീര്യമാക്കിയതുമായ നിലവിലെ സംവിധാനം പൊലീസിന് ഗുണം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് മന്ത്രി വ്യക്തമാക്കി.
പൊലീസ് അതിക്രമങ്ങൾ അനുവദിക്കില്ല
കഴിഞ്ഞ 10 വർഷത്തെ പൊലീസ് കസ്റ്റഡി മർദനങ്ങളിലും മരണങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സർക്കാർ പരിശോധിക്കും. പൊലീസുകാരുടെ ഇടി, തൊഴി, ചീത്തവിളി എന്നിവ പൂർണമായും അവസാനിപ്പിക്കും. സമരം ചെയ്യുന്നവരുടെ തല നോക്കി അടിക്കുന്ന പൊലീസ് ശൈലി തന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ചെന്നിത്തല കർശന മുന്നറിയിപ്പ് നൽകി. പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ളവരെ പ്രധാന തസ്തികകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യുമെന്നും പൊലീസ് പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാവോയിസ്റ്റ് വേട്ട നയമല്ല
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഈ സർക്കാരിന്റെ നയമല്ല. പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് മാവോയിസ്റ്റുകളെയാണ് വെടിവച്ചു കൊന്നത്. എന്നാൽ മാവോയിസ്റ്റുകളെ വെടിവയ്ക്കുകയല്ല, പകരം അവരെ പിടികൂടി അവരുടെ ‘റൂട്ട്’ മനസ്സിലാക്കുകയാണ് വേണ്ടത്. മുൻപ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പൊലീസ് പിടികൂടിയപ്പോൾ താനായിരുന്നു ആഭ്യന്തരമന്ത്രിയെന്നും, അന്ന് അവരെ ഒരിക്കലും വെടിവയ്ക്കരുതെന്ന് പൊലീസിന് കർശന നിർദേശം നൽകിയിരുന്നതായും മന്ത്രി ഓർമിപ്പിച്ചു.
ലോകായുക്തയ്ക്ക് വീണ്ടും ‘പല്ല്’ നൽകും
രാഷ്ട്രീയ–ഉദ്യോഗസ്ഥ രംഗത്തെ അഴിമതി തടയാൻ രൂപീകരിച്ച ലോകായുക്തയെ വീണ്ടും ശക്തിപ്പെടുത്തുന്നത് സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ പാസാക്കിയ ലോകായുക്ത ഭേദഗതി നിയമത്തിലൂടെ ലോകായുക്തയെ നിർവീര്യമാക്കിയിരുന്നു. ഈ നിയമത്തിൽ ഭേദഗതി വരുത്തുമോ എന്ന് കൃത്യമായി വ്യക്തമാക്കിയില്ലെങ്കിലും, ലോകായുക്തയ്ക്ക് വീണ്ടും ‘പല്ല്’ നൽകുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കും.
ലഹരിമുക്തിയും ജയിൽ പരിഷ്കരണവും
സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം പൂർണമായും അവസാനിപ്പിക്കും. വിദ്യാർഥികളെ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ലഹരിയുടെ ഉറവിടം കണ്ടെത്താനുമായി വൻകിട പദ്ധതി ആവിഷ്കരിക്കും. സ്പോർട്സ് ക്വോട്ടയിൽ അനധികൃതമായി ആരെങ്കിലും പൊലീസ് നിയമനം നേടിയിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കും. തടവുകാർക്ക് പരോൾ നൽകുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും രാഷ്ട്രീയ താൽപര്യം വെച്ച് കൊടുംക്രിമിനലുകളെ ജയിലിന് പുറത്തുവിടുന്ന രീതി ഇനി ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി