അശാസ്ത്രീയമായ എം സി റോഡ് കുരുതിക്കളമാകുന്നു മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡ് അപകടമേഖല ​

അശാസ്ത്രീയമായ എം സി റോഡ് കുരുതിക്കളമാകുന്നു മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡ് അപകടമേഖല  ​
അശാസ്ത്രീയമായ എം സി റോഡ് കുരുതിക്കളമാകുന്നു മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡ് അപകടമേഖല ​

അശാസ്ത്രീയമായ എംസി റോഡ് കുരുതിക്കളമാകുന്നു: മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡ് അപകടമേഖല

മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡ് അപകടമേഖലയായി മാറുന്നു. ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ വർധിച്ചു വരുന്നത്. റോഡ് നിർമ്മാണത്തിന്റെ തുടക്കം മുതൽ നാട്ടുകാർ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നിരവധി മനുഷ്യജീവനുകൾ ഇവിടെ പൊലിഞ്ഞെന്നും നാട്ടുകാർ ആരോപിക്കുന്നു.

​പ്രധാന പ്രശ്നങ്ങൾ:

​കൊടും വളവുകളും പുറമ്പോക്ക് കയ്യേറ്റവും: ഉന്നക്കുപ്പ മുതൽ കൂത്താട്ടുകുളം വരെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡിൽ 15 ഓളം കൊടും വളവുകൾ അപകടക്കെണിയാണ്. റോഡിലേക്ക് തള്ളിനിൽക്കുന്ന മതിൽക്കെട്ടുകൾ കാഴ്ച മറയ്ക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. ഈ വളവുകൾ നിവർത്തിയാൽ മാത്രമേ അപകടങ്ങൾക്ക് ശാശ്വത പരിഹാരമാകൂ എന്ന് നാട്ടുകാർ പറയുന്നു.

​വെളിച്ചക്കുറവും ലൈറ്റുകൾ നോക്കുകുത്തിയും: ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സാറ്റലൈറ്റ് ലൈറ്റുകൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്. ഇവയുടെ ബാറ്ററികൾ മോഷ്ടിക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്തതോടെ ഒരൊറ്റ ലൈറ്റ് പോലും കത്തുന്നില്ല. വൈകിട്ട് ആറുമണി കഴിഞ്ഞാൽ പ്രദേശം പൂർണ്ണമായും ഇരുട്ടിലാവുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

​കാഴ്ച തടസ്സപ്പെടുത്തുന്ന വൃക്ഷങ്ങൾ: റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഇടതൂർന്നു വളർന്ന വൃക്ഷങ്ങളും റോഡിലേക്ക് ചാഞ്ഞു കിടക്കുന്നു. ഇത് കാഴ്ച മറയ്ക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ കഴിയാത്ത അവസ്ഥയാണ്.

​ഓട നിർമ്മാണത്തിലെ അശാസ്ത്രീയത: റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തീരുമാനിച്ച ഓടകളുടെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. നിലവിലുള്ള ഓടകൾ അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ചതിനാൽ ഒരു മഴ പെയ്താൽ പോലും വെള്ളം ഒഴുകിപ്പോകുന്നില്ല. ഇവയെല്ലാം ഇപ്പോൾ മണ്ണുമൂടി കാടുകയറിക്കിടക്കുകയാണ്.

​സുരക്ഷിതമല്ലാത്ത യാത്ര: പതിനായിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഈ റോഡിൽ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. അന്യസംസ്ഥാനത്തുനിന്നു വരുന്ന വാഹനങ്ങൾ ഉൾപ്പെടെ ദിശ മാറി ഓടിക്കേണ്ട ഗതികേടാണ് ഇവിടെയുള്ളതെന്നും യാത്രക്കാർ പറയുന്നു.

​അപകടങ്ങൾ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തുകയും പല മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെങ്കിലും അവയൊന്നും പ്രാവല്യത്തിൽ വരാറില്ല. അധികാരികളുടെ ഈ നിസ്സംഗത അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുവെന്നും, പുറമ്പോക്കിലേക്ക് തള്ളി നിൽക്കുന്ന മതിൽക്കെട്ടുകളും കൊടും വളവുകളും നിവർത്താതെ അപകടങ്ങൾ അവസാനിക്കില്ലെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം.