കോയമ്പത്തൂർ ലഹരിവേട്ട ഡാൻസാഫ് സംഘത്തിന് എ.ഡി.ജി.പി. പി. വിജയന്റെ അനുമോദനം
കോയമ്പത്തൂരിൽ നിന്ന് 12.8 കിലോഗ്രാം MDMA പിടിച്ചെടുത്ത മലപ്പുറം ഡാൻസാഫ് (DANSAF) സംഘത്തിലെ 19 പോലീസ് ഉദ്യോഗസ്ഥരെ എ.ഡി.ജി.പി. പി. വിജയനും ഐ.ജി. പുട്ട വിമലാദിത്യയും ചേർന്ന് അനുമോദിച്ചു. ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങളെയും സോഷ്യൽ പോലീസിങ് പദ്ധതികളെയും യോഗത്തിൽ പ്രശംസിച്ചു.
കോയമ്പത്തൂർ വൻ ലഹരിവേട്ട: മലപ്പുറം ഡാൻസാഫ് സംഘത്തെ എ.ഡി.ജി.പി. പി. വിജയൻ അനുമോദിച്ചു
മലപ്പുറം: സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ പോലീസ് നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിൽ നിന്ന് 12.8 കിലോഗ്രാം MDMA പിടിച്ചെടുത്ത മലപ്പുറം ഡാൻസാഫ് (DANSAF) സംഘത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അനുമോദിച്ചു. എ.ഡി.ജി.പി. പി. വിജയൻ, തൂഫാൻ നോഡൽ ഓഫീസർ കൂടിയായ ഐ.ജി. പുട്ട വിമലാദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘത്തെ ആദരിച്ചത്. ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, ഡി.ഐ.ജി. ടി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ പോലീസ് സംഘം ലഹരിക്കെതിരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഡി.ജി.പി. പി. വിജയൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള 17-ഓളം വലിയ ലഹരിമരുന്ന് കേസുകൾ ജില്ലയിൽ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കേവലം ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ ഉപരിയായി, ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കണ്ണികളെ അറസ്റ്റ് ചെയ്യാനും മലപ്പുറം പോലീസിന് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ മൈ പോലീസ് സ്റ്റേഷൻ, ജനമൈത്രി, സ്റ്റുഡന്റ് പോലീസ്, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ സോഷ്യൽ പോലീസിങ് പദ്ധതികളുടെ നടത്തിപ്പും എ.ഡി.ജി.പി. വിലയിരുത്തി.
വൻ ലഹരിവേട്ടയിൽ നിർണായക പങ്കുവഹിച്ച 19 പോലീസ് ഉദ്യോഗസ്ഥർക്ക് എ.ഡി.ജി.പി.യിൽ നിന്നും ചടങ്ങിൽ ഉപഹാരങ്ങൾ കൈമാറി. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, ഡി.വൈ.എസ്.പി.മാരായ ഗോപകുമാർ, സുഭാഷ് ബാബു, സിബി എൽ.ഒ., മഞ്ചേരി പോലീസ് സ്റ്റേഷനിലെ ദിലീപ് ടി.ജി., മുഹമ്മദ് അലി, പദീപ് എസ്., തൗഫീഖുല്ല മുബാറക് കെ.കെ., എസ്.ഇ.പി.ഒ.മാരായ പ്രശാന്ത്, കൃഷ്ണകുമാർ എൻ.ടി., ദിനേഷ് കെ., ബിജു വി.പി., മുഹമ്മദ് സലീം പി., ജസീർ കെ.കെ., ദിനേഷ് കെ., രഞ്ജിത്ത് ആർ., പ്രഭുൽ കെ., വൈശാഖ് ഒ., സി.പി.ഒ. അബ്ദുൾ മുനീർ എം.പി. എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
തുടരന്വേഷണം വഴിതെളിച്ചത് വൻ വേട്ടയിലേക്ക്
മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്നുള്ള ഈ വൻ ലഹരി ശേഖരം പോലീസ് സംഘം കണ്ടെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് 6-ന് വൈകുന്നേരം നാലോടെ മാവൂർ-കോഴിക്കോട് പൈപ്പ് ലൈൻ റോഡിലെ മാവൂർ ലാഡർ മാളിലെ ടെറസ് അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പോലീസ് പിടികൂടുന്നത്.
ഇവരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 97.71 ഗ്രാം MDMA-യും (പാക്കിംഗ് ഉൾപ്പെടെ) ലഹരി വിൽപ്പനയിലൂടെ ലഭിച്ച 3,80,000 രൂപയും പിടിച്ചെടുത്തിരുന്നു. തുടർന്ന്, ലഹരി വിതരണത്തിന്റെ ഉറവിടത്തെക്കുറിച്ച് പ്രതികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരിൽ നിന്ന് 12.8 കിലോഗ്രാം MDMA പോലീസിന് പിടിച്ചെടുക്കാൻ സാധിച്ചത്.