രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി സമസ്താലോക
രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി സമസ്താലോക ടി. പത്മനാഭന്റെ കഥകളെ ആസ്പദമാക്കിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദർശനം നടത്തി
രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി 'സമസ്താലോക'
ടി. പത്മനാഭന്റെ കഥകളെ ആസ്പദമാക്കിയ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദർശനം നടത്തി; പ്രേക്ഷകരിൽനിന്ന് മികച്ച പ്രതികരണം.
തിരുവനന്തപുരം: ചെറുകഥകളുടെ തമ്പുരാൻ ടി. പത്മനാഭന്റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത 'സമസ്താലോക' രാജ്യാന്തര ചലച്ചിത്ര വേദിയിൽ (IFFK) ഗംഭീര സ്വീകാര്യത നേടി. നിറഞ്ഞ സദസ്സിൽ നടന്ന ചിത്രത്തിൻ്റെ ആദ്യ പ്രദർശനം കാണികളിൽ മികച്ച അഭിപ്രായമുണ്ടാക്കി. നിറഞ്ഞ കൈയ്യടികളോടെയാണ് രാജ്യാന്തര ചലച്ചിത്ര ആസ്വാദകർ ചിത്രത്തെ ഏറ്റെടുത്തത്.
ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും രജിത്ത് രഘുവും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രദർശനത്തിന് ശേഷം സംവിധായകരുമായി നടന്ന മുഖാമുഖം പരിപാടിയിൽ പ്രേക്ഷകർ സജീവമായി പങ്കെടുത്തു.
ടി. പത്മനാഭൻ്റെ കഥകളിലെ ദാർശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്വലായും സ്വീകരിച്ച അവതരണമാണ് ചിത്രത്തിലുടനീളം കണ്ടതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. സാർവ്വലൗകിക സ്നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിയെടുത്തതായും, മനുഷ്യജീവിതത്തിൻ്റെ നിസ്സാരതയും ശൂന്യതയും ചിത്രം അതിതീവ്രതയോടെ ആവിഷ്കരിച്ചതായും അവർ പങ്കുവെച്ചു.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇർഷാദിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഴുനീള കഥാപാത്രത്തിലൂടെ കുക്കു പരമേശ്വരനും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. വിഖ്യാത ചലച്ചിത്രകാരൻ ഡോ. ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് 'സമസ്താലോക'. ദേശീയ അവാർഡ് ജേതാവായ മനോജ് കാന, സുൽത്താൻ അനുജിത്ത്, കെ.സി. കൃഷ്ണൻ, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്റോയും അക്കാദമി അംഗവും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂർ, സംവിധായകൻ ഷെറി ഗോവിന്ദൻ, നിർമ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവർക്ക് വേദിയിൽ വെച്ച് സമ്മാനിച്ചു.
ചിത്രത്തിൻ്റെ അടുത്ത പ്രദർശനങ്ങൾ ഡിസംബർ 16 ന് രാവിലെ 9.15 ന് കൃപ തിയേറ്ററിലും, 18 ന് ഉച്ചയ്ക്ക് 12.30 ന് ന്യൂ 2 തിയേറ്ററിലും നടക്കും.
അണിയറ പ്രവർത്തകർ: തിരക്കഥ, സംവിധാനം- ഷെറി ഗോവിന്ദൻ; നിർമ്മാണം - ജെഷീദ ഷാജി, രജിത്ത് രഘു; ക്യാമറ- നവീൻ; എഡിറ്റിംഗ് - ബിജു; പശ്ചാത്തല സംഗീതം - ചന്ദ്രബോസ്, ശ്രീമിത്ത്; സൗണ്ട് ഡിസൈൻ - അരുൺ വർമ്മ; പ്രൊജക്റ്റ് കോർഡിനേറ്റർ - ഷാജി പട്ടിക്കര.

