ലൈഫ് ജാക്കറ്റ് മുതൽ ഫിറ്റ്‌നസ് വരെ ഓണക്കാലത്ത് ബോട്ട് സർവീസുകൾക്ക് കർശന സുരക്ഷാ മാർഗനിർദേശം
ഓണാവധിയോടനുബന്ധിച്ച് സുരക്ഷിതമായ ബോട്ട് സർവീസുകൾ ഉറപ്പാക്കാൻ നിർദേശങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും പോർട്ട് കൺസർവേറ്ററും. മാനദണ്ഡങ്ങൾ ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി.
ഓണക്കാലത്ത് സുരക്ഷിത ബോട്ട് സര്‍വീസ്: മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: ഓണാവധിയോടനുബന്ധിച്ച് വിനോദസഞ്ചാര മേഖലകളിൽ സുരക്ഷിതമായ ബോട്ട് സര്‍വീസ് ഉറപ്പുവരുത്താൻ എല്ലാ ബോട്ടുടമകളും ജാഗ്രത പാലിക്കണമെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫ് രജിസ്ട്രി സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ബോട്ടുകള്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ജലാശയങ്ങളിൽ അപകടരഹിതമായ യാത്ര ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കര്ശനമായി പാലിക്കേണ്ടതാണ്:
രേഖകൾ നിർബന്ധം: സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സർട്ടിഫിക്കറ്റ് എന്നിവയില്ലാത്ത യാനങ്ങൾ സർവീസ് നടത്താൻ പാടില്ല.
ലൈഫ് ജാക്കറ്റ്: യാത്രക്കാർ എല്ലാവരും നിർബന്ധമായും ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിട്ടുണ്ടെന്ന് ബോട്ടുടമയും ജീവനക്കാരും ഉറപ്പുവരുത്തണം.
പരിശീലിത ജീവനക്കാർ: യോഗ്യതയുള്ള ജീവനക്കാര്‍ മാത്രമേ ബോട്ട് പ്രവര്‍ത്തിപ്പിക്കാവൂ.
യാത്രക്കാരുടെ എണ്ണം: അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. ബോട്ടിന്റെ ശേഷി ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം.
ഫിറ്റ്‌നസ് പരിശോധന: ഓരോ യാത്രക്കും മുമ്പ് ബോട്ടിന്റെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കണം.
സോൺ നിയന്ത്രണം: അനുവദിക്കപ്പെട്ട സോണില്‍ മാത്രമേ സര്‍വീസ് നടത്താവൂ. മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് എറിയരുത്.

