സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിജയികൾക്ക് ഹൈബി ഈഡന്റെ ‘എം.പി അവാർഡ്’ നടി നിഖില വിമൽ ഉദ്ഘാടനം ചെയ്തു
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 10, 12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 1,545 വിദ്യാർത്ഥികൾക്ക് ഹൈബി ഈഡൻ എം.പിയുടെ എം.പി അവാർഡ് 2026 വിതരണം ചെയ്തു. സിനിമാതാരം നിഖില വിമൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനപ്രതിനിധികളും പ്രമുഖരും പങ്കെടുത്തു.
എം.പി അവാർഡ് 2026: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിജയികളെ ആദരിച്ചു
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ 10, 12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം.പി ഏർപ്പെടുത്തിയ "എം.പി അവാർഡ് 2026" വിതരണം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം നിഖില വിമൽ അവാർഡ് ദാനം ഉദ്ഘാടനം ചെയ്തു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 1,545 വിദ്യാർത്ഥികൾ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും പ്രതിഭയെയും അർഹിക്കുന്ന രീതിയിൽ അംഗീകരിക്കാൻ ഇത്തരമൊരു സംരംഭത്തിലൂടെ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹൈബി ഈഡൻ എം.പി പറഞ്ഞു.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ 2,100 വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ കഴിഞ്ഞ മാസം 12-ന് വിതരണം ചെയ്തിരുന്നു. ഇതോടെ ഈ വർഷത്തെ എം.പി അവാർഡിന് ആകെ 3,600-ലധികം വിദ്യാർത്ഥികളാണ് അർഹരായത്. മണ്ഡലത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഈ പുരസ്കാരം നൽകി വരുന്നുണ്ട്.
ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

