എക്സിറ്റ് പോളുകൾ തെറ്റും എൽഡിഎഫ് വരും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും യുഡിഎഫിനെ ലീഗ് നിയന്ത്രിക്കുമെന്നും അദ്ദേഹം ആരോപിച്ചു

എക്സിറ്റ് പോളുകൾ തെറ്റും എൽഡിഎഫ് വരും യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗെന്ന് വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ.

​എക്സിറ്റ് പോളുകൾ ശരിയാകണമെന്നില്ല, എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷ: വെള്ളാപ്പള്ളി നടേശൻ

​ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും, നേരിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുക മുസ്ലിം ലീഗായിരിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

​യുഡിഎഫ് ഭരണത്തിലെത്തിയാൽ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് അവകാശമില്ല. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ ലീഗിന് മുന്നിൽ വിധേയത്വം കാണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസ് നേതാക്കൾ ഹോമവും തുലാഭാരവും നടത്തി നടക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

​പിണറായി വിജയൻ വ്യക്തിപരമായി ശുദ്ധനാണെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പ്രവർത്തനം ശരിയല്ലെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. എം.വി. ജയരാജൻ ഓഫീസിലുണ്ടായിരുന്ന കാലത്ത് സാധാരണക്കാർക്ക് അവിടെ പ്രവേശനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എംഎൽഎമാർക്ക് പോലും മുഖ്യമന്ത്രിയെ കാണാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് തോറ്റാൽ അത് മതാധിപത്യത്തിൻ്റെ വിജയമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.