മുനമ്പം ഹാർബർ രാജ്യാന്തര നിലവാരത്തിലേക്ക് 200 കോടിയുടെ ഗ്രീൻ സ്മാർട്ട് നവീകരണ പദ്ധതിയുമായി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക
മുനമ്പം ഫിഷിങ് ഹാർബറിനെ 200 കോടി രൂപ ചെലവിൽ സ്മാർട്ട് ഗ്രീൻ സൗകര്യങ്ങളോടെ നവീകരിക്കുന്നു. പദ്ധതിരേഖ ഒരു മാസത്തിനകം സമർപ്പിക്കാൻ എൻ.ഐ.ടി കാലിക്കറ്റിന് ജില്ലാ കളക്ടർ നിർദേശം നൽകി.
മുനമ്പം ഹാർബർ രാജ്യാന്തര നിലവാരത്തിലേക്ക്; 200 കോടിയുടെ സ്മാർട്ട്-ഗ്രീൻ നവീകരണവുമായി ജില്ലാ ഭരണകൂടം
കൊച്ചി: എറണാകുളം ജില്ലയിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ മുനമ്പം ഫിഷിങ് ഹാർബറിനെ അന്താരാഷ്ട്ര കയറ്റുമതി നിലവാരത്തിലേക്ക് ഉയർത്തുന്നു. 200 കോടി രൂപ ചെലവിൽ 'ഗ്രീൻ സ്മാർട്ട് ഹാർബർ' ആയി മുനമ്പത്തെ മാറ്റുന്നതിനുള്ള പദ്ധതിരേഖ (DPR) ഒരു മാസത്തിനകം പുതുക്കി സമർപ്പിക്കാൻ എൻ.ഐ.ടി കാലിക്കറ്റ് വിദഗ്ധ സംഘത്തിന് ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശം നൽകി. ഇതിന് അനുസൃതമായി ഹാർബർ എൻജിനീയറിങ് വകുപ്പ് പുതുക്കിയ എസ്റ്റിമേറ്റും തയ്യാറാക്കണം. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുന്നോടിയായി എൻ.ഐ.ടി വിദഗ്ധരുമായി കളക്ടർ നടത്തിയ പ്രാഥമിക ചർച്ചയിലാണ് തീരുമാനം.
മത്സ്യബന്ധന യാനങ്ങളുടെ സഞ്ചാരവും വിപണനവും തത്സമയം നിരീക്ഷിക്കുന്നതിനായി ഒരു 'സംയോജിത ഡാഷ്‌ബോർഡ് സംവിധാനം' (Integrated Dashboard) പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. കൊച്ചി ഹാർബർ മാതൃകയിൽ 12 മീറ്റർ വീതിയുള്ള ആധുനിക റോഡുകൾ, വൻകിട വാഹനങ്ങൾ സുഗമമായി പാർക്ക് ചെയ്യുന്നതിനുള്ള മൾട്ടി-ലെവൽ പാർക്കിങ് സംവിധാനം എന്നിവയും നവീകരണത്തിന്റെ ഭാഗമായി മുനമ്പത്ത് ഒരുങ്ങും.
പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളോടെയാണ് 'ഗ്രീൻ സ്മാർട്ട് ഹാർബർ' വിഭാവനം ചെയ്തിരിക്കുന്നത്. നാവിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ സിഗ്‌നൽ സ്റ്റേഷനും ഇവിടെ സ്ഥാപിക്കും. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY), സാഗർമാല പദ്ധതികളിൽ നിന്നും നവീകരണത്തിനാവശ്യമായ ധനസഹായം ഉറപ്പാക്കാൻ ഹാർബറിന്റെ 3-ഡി പ്രൊജക്റ്റ് മോഡൽ ഒരു മാസത്തിനകം തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആശ അഗസ്റ്റിൻ, എൻ.ഐ.ടി കാലിക്കറ്റ് പ്രതിനിധികൾ, ഫിഷറീസ് - ഹാർബർ എൻജിനീയറിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിലെ മത്സ്യബന്ധന-കയറ്റുമതി മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാകും ഇത് സമ്മാനിക്കുക.