ഗംഭീര തിരിച്ചുവരവുമായി ജയറാമും ഉർവശിയും കോമഡിയും ത്രില്ലറുമായി പരിമള ആൻഡ് കോ ട്രെയ്‌ലർ തരംഗമാകുന്നു
ജയറാം ഉർവശി കോമ്പോ വീണ്ടും ഒന്നിക്കുന്ന പരിമള ആൻഡ് കോ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ 5 ന് ശ്രീ ഗോകുലം മൂവീസ് ചിത്രം കേരളത്തിലെത്തിക്കും.
കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സൂപ്പർഹിറ്റ് താരജോഡികളായ ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രം 'പരിമള ആൻഡ് കോ'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ജനപ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വരും മാസമായ ജൂൺ 5-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
ദേശീയ പുരസ്കാര ജേതാവായ പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ് ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. മുൻപ് പുറത്തുവന്ന ടൈറ്റിൽ ടീസർ പോലെ തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലറും അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്.
ചിരിയും സസ്പെൻസും ത്രില്ലും വൈകാരിക നിമിഷങ്ങളും ഒരേപോലെ കോർത്തിണക്കിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയായിരിക്കും 'പരിമള ആൻഡ് കോ' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തീയേറ്ററുകളിലേക്ക് ആകർഷിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ എന്റർടൈനർ ആയിരിക്കും ചിത്രമെന്നാണ് റിപ്പർട്ടുകൾ.
അണിനിരക്കുന്നത് വൻ താരനിര
തമിഴ് കുമരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. കെ. എം. തമിഴ് കുമരനും, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
ജയറാം, ഉർവശി എന്നിവർക്ക് പുറമെ പ്രശസ്ത സംവിധായകൻ മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. ജോർജ്ജ് സി. വില്യംസ് ഛായാഗ്രഹണവും പ്രദീപ് ഇ. രാഗവ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ഫോക്സൻ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ടി. രാമലിംഗം കലാസംവിധാനവും കലൈ കിങ്‌സൺ സ്റ്റണ്ട് മാസ്റ്ററുമായി പ്രവർത്തിക്കുന്നു. പിആർഒ - ശബരി.

