എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം

എഐ സാങ്കേതികവിദ്യയിലൂടെ സംഭരണവും വിൽപ്പനയും കാര്യക്ഷമമാക്കി വിറ്റുവരവിൽ 50 കോടിയുടെ വർദ്ധനവ് നേടിയ സപ്ലൈകോയ്ക്ക് പരിവർത്തൻ അവാർഡ് ലഭിച്ചു

എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം
സപ്ലൈകോയ്ക്ക് മുംബൈയിൽ നടന്ന എഐ ട്രാൻസ്ഫർമേഷൻ കോൺക്ലേവിൽ പരിവർത്തൻ അവാർഡ് 2026 ലഭിച്ചു.
എഐ മികവിൽ സപ്ലൈകോ വിറ്റുവരവ് 50 കോടി കൂടി, ദേശീയ അംഗീകാരം

എഐ സാങ്കേതികവിദ്യയിലൂടെ വിറ്റുവരവിൽ 50 കോടിയുടെ കുതിപ്പ്; സപ്ലൈകോയ്ക്ക് ദേശീയ പുരസ്കാരം

കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തന മികവ് കൈവരിച്ച സപ്ലൈകോയ്ക്ക് ദേശീയ അംഗീകാരം. ഐലൂജ് മീഡിയ ഏർപ്പെടുത്തിയ 'പരിവർത്തൻ അവാർഡ് 2026'-ൽ നൂതന സാങ്കേതികവിദ്യാധിഷ്ഠിതമായുള്ള പരിവർത്തനം (Intelligent Enterprise Transformation Award) എന്ന വിഭാഗത്തിലാണ് സപ്ലൈകോ പുരസ്കാരത്തിന് അർഹമായത്. എഐ സാങ്കേതികവിദ്യ നടപ്പിലാക്കിയതോടെ സ്റ്റോക്ക് ലഭ്യത ഉറപ്പാക്കാനും പ്രതിമാസ വിറ്റുവരവിൽ 50 കോടി രൂപയുടെ വർദ്ധനവ് കൈവരിക്കാനും സപ്ലൈകോയ്ക്ക് സാധിച്ചു.

മഹാരാഷ്ട്ര സർക്കാരും ഗവ്കണക്റ്റും (GovConnect) സംയുക്തമായി മുംബൈയിൽ സംഘടിപ്പിച്ച എഐ ട്രാൻസ്ഫർമേഷൻ കോൺക്ലേവിലായിരുന്നു പുരസ്കാര വിതരണം. മഹാരാഷ്ട്ര ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ജനറൽ ബ്രിജേഷ് സിംഗിൽ നിന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി. എം. ജയകൃഷ്ണൻ, മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ എം. ആർ. ദീപു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സപ്ലൈകോയുടെ സംഭരണവും വിൽപ്പനയും കാര്യക്ഷമമാക്കുന്ന 'എഐ ഡ്രിവൺ ഡാറ്റാ ഗവേണൻസ് ഫോർ സപ്ലൈകോ' (AI-Driven Data Governance for Supplyco: Smarter Procurement, Indenting and Sales Intelligence) എന്ന പദ്ധതിക്കാണ് അംഗീകാരം. കോർപ്പറേഷന്റെ സംഭരണം, ഇൻഡന്റിംഗ്, സ്റ്റോക്ക് ലഭ്യത, വിൽപ്പന എന്നീ മേഖലകളിൽ എഐയുടെയും ഡാറ്റാ അനലിറ്റിക്സിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തി സുതാര്യമായ സംവിധാനം ഒരുക്കാൻ ഇതിലൂടെ സാധിച്ചു. കൃത്യമായ ആവശ്യകതാ നിർണയം, മെച്ചപ്പെട്ട സംഭരണ ആസൂത്രണം, വിൽപ്പന പ്രവണതകളുടെ വിശകലനം എന്നിവ വഴി സേവന നിലവാരം ഉയർത്താനും കഴിഞ്ഞു.

സപ്ലൈകോയുടെ ആധുനികവൽക്കരണ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം വലിയ പ്രചോദനമാകുമെന്ന് മാനേജിംഗ് ഡയറക്ടർ വി. എം. ജയകൃഷ്ണൻ പ്രതികരിച്ചു. സംഭരണ-വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമുള്ള കോർപ്പറേഷന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു