രാജ്യത്ത് ആദ്യം എറണാകുളം ലോ കോളേജിൽ തർക്കപരിഹാര കേന്ദ്രം

കോടതിവ്യവഹാരങ്ങൾക്കപ്പുറം വേഗത്തിലുള്ള നിയമപരിഹാരത്തിനായി എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ സെന്റർ ഫോർ ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ

രാജ്യത്ത് ആദ്യം എറണാകുളം ലോ കോളേജിൽ തർക്കപരിഹാര കേന്ദ്രം
കേരള അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ജാജു ബാബു ഉദ്ഘാടനം നിർവഹിച്ചു.

രാജ്യത്തെ സർക്കാർ ലോ കോളേജുകളിൽ ആദ്യം; എറണാകുളം ഗവ. ലോ കോളേജിൽ ബദൽ തർക്കപരിഹാര കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കൊച്ചി: രാജ്യത്തെ സർക്കാർ ലോ കോളേജുകളിൽ ആദ്യമായി ബദൽ തർക്കപരിഹാര കേന്ദ്രം (സെന്റർ ഫോർ ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ - CADR) എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ പ്രവർത്തനമാരംഭിച്ചു. നിയമതർക്കങ്ങൾക്ക് കോടതിവ്യവഹാരങ്ങൾക്കപ്പുറം വേഗമേറിയതും ചെലവുകുറഞ്ഞതും സൗഹാർദ്ദപരവുമായ പരിഹാരമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള അഡ്വക്കേറ്റ് ജനറലും സീനിയർ അഭിഭാഷകനുമായ അഡ്വ. കെ. ജാജു ബാബു കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം കുറയ്ക്കുവാൻ സഹായിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. കെ. ജാജു ബാബു പറഞ്ഞു. കേന്ദ്രത്തിന്റെ രൂപീകരണത്തിന് മുൻകൈയെടുത്ത അധ്യാപകരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്ത് ഒരു സർക്കാർ ലോ കോളേജിൽ ഇത്തരത്തിലുള്ള ഒരു കേന്ദ്രം സ്ഥാപിക്കപ്പെടുന്നത് ആദ്യമായാണെന്ന് കേന്ദ്രത്തിന്റെ ഓണററി ഡയറക്ടർ ഡോ. ലിനി ജോസ് കെ. വ്യക്തമാക്കി.

ആർബിട്രേഷൻ, മധ്യസ്ഥത (Mediation), അനുരഞ്ജനം (Conciliation), ചർച്ചകളിലൂടെയുള്ള പരിഹാരം (Negotiation) തുടങ്ങിയ സംവിധാനങ്ങളിൽ അക്കാദമിക ഗവേഷണം, പരിശീലന പരിപാടികൾ, നൈപുണ്യ വികസന ശില്പശാലകൾ എന്നിവയിലൂടെ മികവ് വളർത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നിയമവിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിനൊപ്പം പൊതുസമൂഹത്തിന് തർക്കപരിഹാര മാർഗങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും കേന്ദ്രം പ്രവർത്തിക്കും.

ചടങ്ങിന്റെ ഭാഗമായി നിയമരംഗത്തും ബാർ കൗൺസിൽ ഓഫ് കേരളയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പൂർവവിദ്യാർത്ഥികളായ സീനിയർ അഡ്വ. കെ. ജാജു ബാബു, സീനിയർ അഡ്വ. സുമതി ദണ്ഡപാണി, സീനിയർ അഡ്വ. എൻ. മനോജ് കുമാർ, അഡ്വ. അനിൽ എസ്. രാജ്, അഡ്വ. ഓച്ചിറ എൻ. അനിൽകുമാർ എന്നിവരെ ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. വി.സി. ബിന്ദുമോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള ലോ അക്കാദമി ഡയറക്ടറും ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗവുമായ അഡ്വ. നാഗരാജ് നാരായണൻ പ്രത്യേക പ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ എച്ച്.ജി. സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ 29 വരെ അഖിലേന്ത്യാ ക്ലയന്റ് കൺസൾട്ടേഷൻ മത്സരവും കോളേജിൽ സംഘടിപ്പിക്കുന്നുണ്ട്.