ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും
ഊരുകൂട്ടം 10 പ്രധാന ശുപാർശകൾ മുന്നോട്ടുവെച്ചു. വീടുനിർമാണം, കാർഷിക സഹകരണ സംഘം രൂപീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം ഭൂമി പാട്ടത്തിന് നൽകിയവരുടെ പട്ടയം റദ്ദാക്കാനും യോഗത്തിൽ തീരുമാനമായി
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം: 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം; പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും
ഇടുക്കി: ചിന്നക്കനാല്‍ 301 കോളനിയുടെ സമഗ്ര വികസനവും താമസക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും ലക്ഷ്യമിട്ട് ചേര്‍ന്ന ഊരുകൂട്ടം പത്ത് പ്രധാന ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു. ഭവനനിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, ഭൂമിയുടെ വിനിയോഗം, കൃഷി, വന്യമൃഗശല്യ പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലാണ് നിര്‍ദേശങ്ങള്‍. ആധുനിക സൗകര്യങ്ങളോടെയുള്ള കമ്മ്യൂണിറ്റി ഹാള്‍ കം ലൈബ്രറി, മാതൃകാ പ്രീ സ്കൂള്‍, കൂട്ടമായി വീടുകള്‍ നിര്‍മിക്കല്‍, കോളനിക്ക് ചുറ്റും വേലി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.
പൊതുആവശ്യത്തിനായി മാറ്റിവെച്ച സ്ഥലത്ത് കൂട്ടമായി വീടുകള്‍ നിര്‍മിച്ച് വന്യമൃഗശല്യം തടയുന്നതിനായി കിടങ്ങുകളും വേലികളും സ്ഥാപിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. കൂട്ടമായി വീടുകള്‍ നിര്‍മിക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് സ്വന്തം പ്ലോട്ടുകളില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യവും ഒരുക്കണം. വൈദ്യുതി, റോഡ്, കുടിവെള്ളം, നടപ്പാത, സംരക്ഷണഭിത്തി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉന്നതിയില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കണമെന്നും ശുപാര്‍ശ ചെയ്തു. അറ്റകുറ്റപ്പണിയും പുനരുദ്ധാരണവും ആവശ്യമായ വീടുകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെയോ പട്ടികവര്‍ഗ വികസന വകുപ്പിന്റെയോ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
പട്ടയം ലഭിച്ചിട്ടും സ്വന്തം പ്ലോട്ടുകളില്‍ താമസമാരംഭിക്കാത്ത ഗുണഭോക്താക്കളുടെ പട്ടയം റദ്ദാക്കി ഭൂമി ലഭിക്കാത്ത മറ്റ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്ലോട്ടുകള്‍ പാട്ടത്തിന് നല്കിയവര് പാട്ടക്കരാര്‍ റദ്ദാക്കി ഭൂമി തിരിച്ചുപിടിച്ച് സ്വന്തം നിലയില്‍ കൃഷി ആരംഭിക്കണം. ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ പാട്ടക്കാരെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ജില്ലാ കളക്ടറോട് ആവശ്യപ്പെടും.
കോളനിയിലെ മുഴുവന്‍ ഗുണഭോക്താക്കളും സ്വന്തം പ്ലോട്ടുകള്‍ ഏറ്റെടുത്ത് കൃഷി ആരംഭിക്കുന്നതോടെ അവരെ അംഗങ്ങളാക്കി കാര്‍ഷിക സഹകരണ സംഘം രൂപീകരിക്കാനും യോഗം ശുപാര്‍ശ ചെയ്തു. കാര്‍ഷിക വിളകളുടെ വിപണനം ലക്ഷ്യമിട്ടാണ് സഹകരണ സംഘം രൂപീകരിക്കുന്നത്. ഇതിനായി ഗുണഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന 15 പേരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് രജിസ്ട്രേഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏലം, കുരുമുളക് തൈകളും വളവും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി നടപ്പാക്കും.
പട്ടയ ഉടമകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ അനന്തരാവകാശികളുടെ പേരിലേക്ക് പ്ലോട്ടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും പട്ടയം നഷ്ടപ്പെട്ടവര്‍ക്ക് പകരം പട്ടയം അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു.
അനുവദിച്ച ഭൂമി മറ്റുള്ളവര്‍ക്ക് പാട്ടത്തിന് നല്കിയവര് അത് തിരിച്ചുപിടിച്ച് സ്വന്തമായി കൃഷി ചെയ്ത് സ്ഥിരതാമസമാക്കണമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം പട്ടയം റദ്ദാക്കി ഭൂമി ലഭിക്കാത്ത മറ്റ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. പാട്ടത്തിന് നല്കിയ ഭൂമി തിരിച്ചുപിടിച്ച് കൃഷി ചെയ്യാനും സ്ഥിരതാമസമാക്കാനും കോളനി നിവാസികള്‍ സമ്മതിച്ചു.
കോളനിയിലെ 301 കുടുംബങ്ങളില്‍ 211 കുടുംബങ്ങള്‍ ഇതിനകം താമസം ആരംഭിച്ചിട്ടുണ്ട്. മരണം ഉള്‍പ്പെടെയുള്ള കാരണങ്ങളാലും മറ്റ് പ്രത്യേക സാഹചര്യങ്ങളാലും ശേഷിക്കുന്ന 90 കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ വീട് നിര്‍മിച്ച് താമസമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. 2026 ഫെബ്രുവരി മൂന്നിന് അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെയും ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡെവലപ്മെന്റ് മിഷന് (ടിആര്‍ഡിഎം) സൈറ്റ് മാനേജര്‍ ഇന്‍ ചാര്‍ജിന്റെയും സാന്നിധ്യത്തിലാണ് ഊരുകൂട്ടം ചേര്‍ന്നത്. ഊരുമൂപ്പന് മനോഹരന്, അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ വിധുമോള്‍. എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും
അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കും മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ
സര്‍ക്കാര്‍ അഴിമതി തടയാൻ ജില്ലാ വിജിലന്‍സ് കമ്മിറ്റി പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം
ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിന് ഇനി ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം
യുവ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദ്ദിച്ച് കവർച്ച സിനിമാ താരങ്ങളായ അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും അറസ്റ്റിൽ