ഗാർഹിക പീഡനക്കേസുകൾ വർദ്ധിക്കുന്നു അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷൻ പി. സതീദേവി

പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ (Internal Committee) കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.

ഗാർഹിക പീഡനക്കേസുകൾ വർദ്ധിക്കുന്നു അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന് വനിതാ കമ്മീഷൻ പി. സതീദേവി
പി. സതീദേവി, വനിതാ കമ്മീഷൻ അധ്യക്ഷ

​തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷൻ

കോഴിക്കോട്: പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ (ഇന്റേണല്‍ കമ്മിറ്റി) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.

​തൊഴിലെടുക്കുന്ന പല സ്ത്രീകള്‍ക്കും പോഷ് (POSH) ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടി. നിയമപ്രകാരം തൊഴിലിടങ്ങളില്‍ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും, അതിന്റെ അധ്യക്ഷ ആരാണെന്നതും, പരാതികള്‍ എവിടെയാണ് നല്‍കേണ്ടതെന്നുമടക്കമുള്ള നോട്ടീസ് എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ പാകത്തില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇത് തൊഴിലുടമയുടെ നിയമപരമായ ഉത്തരവാദിത്തമാണ്.

​"പല സ്ഥാപനങ്ങളും ഈ നിയമം പാലിക്കുന്നില്ല. കൃത്യമായ അറിവില്ലായ്മ കാരണം, സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ആഭ്യന്തര കമ്മിറ്റിയെ സമീപിക്കുന്നതിന് പകരം നേരിട്ട് പോലീസില്‍ പരാതിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്." - പി. സതീദേവി, വനിതാ കമ്മീഷൻ അധ്യക്ഷ

​ഗാര്‍ഹിക പീഡനക്കേസുകൾ വര്‍ദ്ധിക്കുന്നു

ജില്ലയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം പരാതികളില്‍ വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ മുഖേന സംരക്ഷണ ഉത്തരവുകള്‍ വാങ്ങി നല്‍കാന്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുന്നുണ്ട്. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ കൗണ്‍സിലിംഗ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും കമ്മീഷന്‍ അറിയിച്ചു.

​അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയുകയോ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മൊബൈല്‍ ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ പോലുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കും.

​30 കേസുകൾ പരിഗണിച്ചു

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ആകെ 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് (DLSA) കൈമാറി. ആറ് കേസുകളില്‍ പോലീസിനോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. സിറ്റിങ്ങില്‍ പുതിയ ഒരു പരാതിയും ലഭിച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. കുഞ്ഞയിഷയും സിറ്റിങ്ങില്‍ പങ്കെടുത്തു.