മതിലിൽ തെളിയുന്ന നാവിക ചരിത്രം കൊച്ചി നേവൽ ബേസ് മതിൽ ഇനി ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഓപ്പൺ മ്യൂസിയം
കൊച്ചി നേവൽ ബേസ് മതിൽ 250 ചുവർചിത്രങ്ങളോടെ തുറന്ന മ്യൂസിയമാകുന്നു. വില്ലിംഗ്ടൺ ഐലൻഡിലെ നടപ്പാത നവീകരണത്തിന് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് ഒരുങ്ങുന്നു.
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിലെ നേവൽ ബേസ് മതിൽ ഇനി കൊച്ചിയുടെ സമ്പന്നമായ നാവിക ചരിത്രം വിളിച്ചോതുന്ന തുറന്ന ചുവർചിത്ര മ്യൂസിയമാകും. വാതുരുത്തി റെയിൽവേ ഗേറ്റ് മുതൽ വെണ്ടുരുത്തി പാലം വരെയുള്ള 1.3 കിലോമീറ്റർ നീളമുള്ള മതിലാണ് വരുംതലമുറയ്ക്കായി ചരിത്രചിത്രങ്ങളാൽ അലങ്കരിക്കുന്നത്. പ്രാചീനകാലത്തെ സമുദ്ര വ്യാപാര മാർഗ്ഗങ്ങൾ മുതൽ ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലുകൾ വരെയുള്ള രാജ്യത്തിന്റെ സമുദ്ര പാരമ്പര്യം ദൃശ്യവൽക്കരിക്കുന്ന 250 ചുവർ ചിത്രങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.
പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ 17 ചുവർചിത്രങ്ങളുടെ നിർമ്മാണം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.
നടപ്പാതയും കളറാകും; വികസനത്തിന് പ്രത്യേക എസ്റ്റിമേറ്റ്
മതിലിനോട് ചേർന്നുള്ള നടപ്പാത കാൽനടയാത്രക്കാർക്കായി കൂടുതൽ ആകർഷകമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ജൂൺ ഒന്നിന് പൊതുമരാമത്ത് വകുപ്പ് (PWD) റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. നടപ്പാതയിൽ ആവശ്യമായ ഇരിപ്പിടങ്ങൾ, ആധുനിക തെരുവ് വിളക്കുകൾ, മികച്ച ഡ്രെയിനേജ് സംവിധാനം എന്നിവ നിർമ്മിക്കുന്നതിനായുള്ള വിശദമായ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചുവർചിത്രം
ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് (BCRG), റീജിയണൽ സ്പോർട്സ് സെന്റർ (RSC), ഇന്ത്യൻ നാവിക സേന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ബൃഹത് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. നേവൽ ബേസിന്റെ ഉഡാൻ ഗേറ്റ് മുതൽ വേമ്പനാട് ഗേറ്റ് വരെയുള്ള മതിലിൽ പ്രാദേശിക കലാകാരന്മാരാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
പൂർണ്ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ (Cloud Funding) നടപ്പാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ ചുവർചിത്രമായി ഇത് മാറും. റിട്ടയേർഡ് വൈസ് അഡ്മിറൽ പ്രേം സുതൻ ചെയർമാനായുള്ള സമിതിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ് പ്രസിഡന്റ് എസ്. ഗോപകുമാർ, എക്സിക്യൂട്ടീവ് മെമ്പർ ടി.ബി. വേണുഗോപാൽ, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.