നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ബിജെപിയിൽ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടും ഗ്രൂപ്പ് വഴക്കുകളും ചൂണ്ടിക്കാട്ടി ബിജെപിയിൽ കർശന തിരുത്തൽ നടപടികളുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. ആരോപണ വിധേയരായ നേതാക്കളെ ഒഴിവാക്കിയും യുവമോർച്ച പ്രഭാരിയെ മാറ്റിയുമാണ് പുനഃസംഘടന.

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ബിജെപിയിൽ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്: ബിജെപിയിൽ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്: ബിജെപിയിൽ തിരുത്തൽ നടപടികളുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്ക് സൃഷ്ടിച്ച നാണക്കേടും ഗ്രൂപ്പ് വഴക്കിന്റെ വെല്ലുവിളികളും സംഘടനാപരമായ പാളിച്ചകളും കണക്കിലെടുത്തു തിരുത്തൽ നടപടികളുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പുനഃസംഘടനയിലൂടെ ‘പ്രതികളെ’ പുറത്താക്കുന്നതിനു മുന്നോടിയായാണ് ഈ തിരുത്തൽ. ആരെയും കുത്തിനോവിക്കാതെ മെല്ലെ ഒഴിവാക്കുന്നതാണു നയം.

​ഫണ്ട് ക്രമക്കേട് ആരോപണത്തിൽ അകപ്പെട്ടവരെ രാജീവ് ഉൾക്കൊള്ളുന്നില്ല. ഇവരെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞദിവസം സംസ്ഥാന ഭാരവാഹികളുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു. ആരോപണത്തിൽ അകപ്പെട്ട ഒരു നേതാവിന് യോഗത്തിന്റെ ലിങ്ക് അയച്ചുകൊടുത്തില്ല. ഔദ്യോഗിക കത്തിടപാടുകൾ നടത്തുന്ന നേതാവും നിരീക്ഷണത്തിലുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നക്കാരെ ഒതുക്കി നിർത്തി മുന്നോട്ടുപോകാനാണ് രാജീവിന്റെ തീരുമാനം.

​യുവമോർച്ചയുടെ സമരങ്ങൾക്ക് മൂർച്ച പോരെന്ന പരാതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പിഎസ്‌സി വിഷയത്തിലെ സമരങ്ങളിൽ ശക്തമായ സാന്നിജ്യമാകാൻ കഴിയാത്തതിനാൽ യുവമോർച്ചയുടെ പ്രഭാരി സ്ഥാനത്തു നിന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ കഴിഞ്ഞദിവസം നീക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ അനൂപിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണ. ഈ പഴുതാണ് രാജീവ് വിനിയോഗിച്ചത്. പത്തനംതിട്ടയിലെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അനൂപിനോട് രാജീവ് നിർദേശിച്ചു. അവിടെ പൂർണ്ണസമയം ചെലവഴിക്കേണ്ടതിനാൽ പ്രഭാരി സ്ഥാനം ഒഴിഞ്ഞതാകാം നല്ലതെന്ന് അഭിപ്രായപ്പെട്ടതും രാജീവ് തന്നെയാണ്.

​യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സുധീറിനെ ഉടൻ പ്രഭാരിയായി നിയമിക്കുകയും ചെയ്തു. സമരാനുഭവങ്ങളും തിരുവനന്തപുരം സ്വദേശിയുമെന്ന പരിഗണനയാണ് സുധീറിനു ലഭിച്ചത്. അനൂപിനെ മാറ്റിയെങ്കിലും സഹപ്രഭാരി ഒ.നിധീഷിന് സ്ഥാനചലനമില്ല.

​സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അനൂപും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും ഈ മാറ്റത്തിനു പിന്നിലുണ്ടെന്നു പ്രചാരണമുണ്ടെങ്കിലും നേതാക്കൾ ഇതു സ്ഥിരീകരിക്കുന്നില്ല.