കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് മന്ത്രി ടി. സിദ്ദിഖ്
സംസ്ഥാനത്തെ സ്‌കൂളുകളിൽ കതിർ കാർഷിക ക്ലബ്ബുകൾ ഉടൻ ആരംഭിക്കുമെന്നും കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുമെന്നും മന്ത്രി ടി. സിദ്ദിഖ്. കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയങ്ങളിൽ 'കതിർ' കാർഷിക ക്ലബ്ബുകൾ; കൃഷി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക്: മന്ത്രി ടി. സിദ്ദിഖ്
കോഴിക്കോട്: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ 'കതിർ' കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കൃഷിയിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് വെയ്റ്റേജ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോവൂർ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (AIF) സംസ്ഥാന കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കുന്ന 'കതിർ' പദ്ധതി ആദ്യഘട്ടത്തിൽ 500 സ്‌കൂളുകളിൽ നടപ്പിലാക്കും. തുടർന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡൽ അധ്യാപകർ, ബാക്ക് അപ്പ് ടീം, 10,000 രൂപ സീഡിങ് മണി എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വനിതാ കർഷകർക്കായി 'വനിതാ സഖി'
ഐക്യരാഷ്ട്രസഭ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച ഈ വർഷം, വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'വനിതാ സഖി' എന്ന പേരിൽ പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായി മന്ത്രി പറഞ്ഞു.
AIF രണ്ടാം ഘട്ടത്തിലേക്ക്
2020-ൽ ആരംഭിച്ച കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി വിജയകരമായി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പാനന്തര പരിപാലനം, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, പാക്കിങ്, വിപണനം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പദ്ധതിക്കായി. 2020 മുതൽ പദ്ധതി വഴി കേരളത്തിന് അനുവദിച്ച 2520 കോടി രൂപയിൽ 1734 കോടി രൂപയും ചെലവഴിച്ചു കഴിഞ്ഞു. ഫണ്ട് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി സർക്കാർ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തുടർന്നടപടികൾ സ്വീകരിക്കും.
ആധുനിക സാങ്കേതികവിദ്യകളായ നിർമ്മിത ബുദ്ധി (AI), ഐ.ഒ.ടി (IoT), ഡ്രോണുകൾ എന്നിവ കൃഷിയിൽ ഫലപ്രദമായി ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്നും, കർഷകർക്ക് ആവശ്യമായ എല്ലാ ബാങ്കിങ് പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സഹകരണ വകുപ്പുമായി ചേർന്ന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ്, കാനറാ ബാങ്ക് ഡി.ജി.എം ആർ.കെ. സിൻഹ, നബാർഡ് ഡി.ഡി.എം വി. രാകേഷ്, ആർ.ബി.ഐ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ വി.ജി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മികച്ച കർഷക സംരംഭകർക്കും ബാങ്കുകൾക്കുമുള്ള പുരസ്കാരങ്ങളും സാങ്ഷൻ ലെറ്ററുകളും മന്ത്രി വിതരണം ചെയ്തു.

