ശുചിത്വമില്ല, ഹെൽത്ത് കാർഡുമില്ല പഴകിയ പാലും നിരോധിത നിറങ്ങളും 6 കടകളിൽ വീഴ്ച, പിഴ ഈടാക്കി
കടവന്ത്രയിലെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പും കൊച്ചി കോർപ്പറേഷനും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത ഫുഡ് കളറുകളും പഴകിയ പാലും കണ്ടെത്തി. വീഴ്ച വരുത്തിയ കടകൾക്ക് പിഴ ചുമത്തി.
കടവന്ത്രയിൽ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംയുക്ത പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
കടവന്ത്ര: നഗരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കൊച്ചി നഗരസഭയും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഭക്ഷണശാലകളിൽ നിന്ന് പിഴ ഈടാക്കി. കടവന്ത്ര ഭാഗത്തെ 6 സ്ഥാപനങ്ങളിൽ ആഗസ്റ്റ് 13 വൈകുന്നേരമാണ് സംയുക്ത സംഘം പരിശോധന നടത്തിയത്.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും നിരോധിത ഫുഡ് കളറുകൾ ഉപയോഗിച്ചതും പഴകിയ പാൽ സൂക്ഷിച്ചതും കണ്ടെത്തിയതിനെ തുടർന്നാണ് 6500 രൂപ പിഴ ചുമത്തിയത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും കുടിവെള്ള പരിശോധനാ റിപ്പോർട്ടിന്റെ അഭാവവും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു. റിപ്പോർട്ടില്ലാത്ത കടകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
പരിശോധനയോടൊപ്പം ഭക്ഷണശാലകൾ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളെക്കുറിച്ച് വ്യാപാരികൾക്ക് ബോധവൽക്കരണം നൽകുകയും, ആരോഗ്യ വകുപ്പ് തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശ പോസ്റ്ററുകൾ കടകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വരുന്ന ഓണവിപണി മുന്നിൽ കണ്ട് നഗരത്തിലെ ഹോട്ടലുകൾ, തട്ടുകടകൾ, ഫുഡ് സ്റ്റാളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധന വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ സന്തോഷ് കെ.റ്റി., ബാബു എം.ആർ., ഫുഡ് സേഫ്റ്റി ഓഫീസർ ആദർശ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജി പോൾ, സ്വപ്ന കെ.എസ്., ഫുഡ് അനലിസ്റ്റ് ശ്രീല വി.ബി., സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് സി.എൻ., രജീഷ് ആർ. എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
