മാറുന്ന സാങ്കേതികവിദ്യ, മാറേണ്ട ഭരണം സി ഡിറ്റിൽ പുതിയ എ ഐ ലാബും മലയാളം ഫോണ്ടും പുറത്തിറക്കി
സാങ്കേതികവിദ്യ അതിവേഗം മാറുന്ന കാലത്ത് ഭരണസംവിധാനങ്ങളും മാറ്റത്തിന് സജ്ജമാകണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം സി ഡിറ്റിൽ പുതിയ ഐ സി റ്റി കോംപ്ലക്സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം
മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ (കൃത്രിമബുദ്ധി) യുഗത്തിൽ, പുതിയ ആശയങ്ങളുമായി മുന്നോട്ടുവരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പമായില്ലെങ്കിൽ നമ്മൾ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി-ഡിറ്റ് സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) പട്ടത്തുള്ള പുതിയ ഐ സി റ്റി കോംപ്ലക്സ്, എ ഐ ലാബ്, സെക്യൂരിറ്റി ലാബ് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻപ് ഐടിയുടെ മികച്ച കാലഘട്ടത്തിൽ ഇൻഫോപാർക്കും ടെക്നോപാർക്കും ഉയർന്നുവന്നതുപോലെ, എ ഐ കാലഘട്ടത്തിന് അനുയോജ്യമായ നിക്ഷേപങ്ങൾ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് എ ഐ സംവിധാനങ്ങൾ ഉൾക്കൊള്ളാൻ സി-ഡിറ്റിന് കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എ ഐ സാങ്കേതികവിദ്യ മൂലമുണ്ടാകുന്ന ദുരുപയോഗങ്ങളും പോരായ്മകളും പരിഹരിക്കാൻ ഇത്തരം കേന്ദ്രങ്ങൾ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള അധിഷ്ഠിത എ ഐ സേവനങ്ങൾ
ജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതുമായ എ ഐ അധിഷ്ഠിത പൊതുസേവനങ്ങൾ വികസിപ്പിക്കുകയാണ് സി-ഡിറ്റിന്റെ പുതിയ എ ഐ ലാബിന്റെ പ്രധാന ലക്ഷ്യം. മലയാളത്തിലും ഇംഗ്ലീഷിലും സംഭാഷണം നടത്താനും ചോദ്യങ്ങൾ മനസ്സിലാക്കി മറുപടി നൽകാനും കഴിയുന്ന സംവിധാനങ്ങൾ ഇവിടെ ഒരുങ്ങുന്നുണ്ട്.
ശബ്ദത്തെ എഴുത്തായും എഴുത്തിനെ സ്വാഭാവിക ശബ്ദമായും മാറ്റുന്ന സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കി, പുനരുപയോഗിക്കാൻ കഴിയുന്ന പൊതു എ ഐ സംവിധാനങ്ങളാണ് ലാബിൽ നിർമ്മിക്കുന്നത്.
പുതിയ മലയാളം ഫോണ്ട് 'അരളി' പ്രകാശനം ചെയ്തു
ചടങ്ങിൽ സി-ഡിറ്റ് പുതുതായി വികസിപ്പിച്ച 'അരളി' എന്ന മലയാള ഫോണ്ടിന്റെ പ്രകാശനവും നിർവ്വഹിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, ഐടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, റീജിയണൽ പി.എഫ് കമ്മീഷണർ അഴകിയ മണവാളൻ, കൗൺസിലർ രേഷ്മ സി, സി-ഡിറ്റ് ഡയറക്ടർ പ്രൊഫ. ഡോ. എം അബ്ദുൾ റഹിമാൻ, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

