ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്മരണകൾ ഇരമ്പുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ കാവ്യോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
കൊച്ചി: ചങ്ങമ്പുഴയുടെയും ഇടപ്പള്ളി രാഘവൻപിള്ളയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൂന്നുദിവസത്തെ ദേശീയ കാവ്യോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കമായി. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’, ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദം’, വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്നീ കൃതികളുടെ 90-ാം വാർഷികാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'ദേശീയ കാവ്യോത്സവം 2026' തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ കുട്ടി രേവതി (രേവതി സുയംബുലിംഗം) ഉദ്ഘാടനം ചെയ്തു.
അവകാശ സംരക്ഷണ പോരാട്ട വീര്യമാണ് തന്റെ കവിതകൾക്ക് പ്രേരണയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കുട്ടി രേവതി പറഞ്ഞു. അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ സ്വാതന്ത്ര്യത്തിന്റെ ശക്തമായ ആയുധമായി കവിതകളെ ഉപയോഗിക്കാമെന്ന് ശ്രീലങ്കൻ ഈഴ സ്ത്രീ കവിതകൾ തെളിയിച്ചതായും അവർ ചൂണ്ടിക്കാട്ടി.
സംഘാടകസമിതി ചെയർമാൻ കെ. ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആധുനിക സമൂഹത്തിൽ കവിതകൾ അർഹിക്കുന്ന രീതിയിൽ വായിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും, മലയാള കവികൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഈ കാവ്യോത്സവം വഴിയൊരുക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് നടന്ന ബഹുഭാഷാ കവിയരങ്ങ് കന്നട കവി ഡോ. എച്ച്. എൽ. പുഷ്പ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം കുട്ടി രേവതിയുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. 'വൈലോപ്പിള്ളി കവിതയിലെ വൈരുദ്ധ്യങ്ങൾ' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. കാവ്യോത്സവ മത്സര വിജയികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഉമ തോമസ് എം.എൽ.എ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത, സെക്രട്ടറി പി. ജി. സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. ആർ. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാവ്യോത്സവത്തിൽ വരും ദിവസങ്ങളിലും സെമിനാറുകൾ, കവിയരങ്ങുകൾ, പ്രഭാഷണങ്ങൾ, മുഖാമുഖം തുടങ്ങിയ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ