വ്യാപക പരിശോധനയുമായി ആരോഗ്യവകുപ്പ് 1092 കടകളിൽ റെയ്ഡ്, 3 സ്ഥാപനങ്ങൾ പൂട്ടാൻ നിർദേശം
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 1092 ഭക്ഷ്യപാനീയ വിതരണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 75 കടകൾക്ക് നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന; 75 കടകൾക്ക് നോട്ടീസ്, 3 എണ്ണം പൂട്ടാൻ നിർദേശം
തൃശ്ശൂർ: ജില്ലാ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യ ജാഗ്രത' പ്രവർത്തന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യ-പാനീയ വിതരണ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന. ആരോഗ്യ വകുപ്പിന്റെ 105 സ്ക്വാഡുകൾ ഒരേസമയം നടത്തിയ പരിശോധനയിൽ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, കരിമ്പിൻ ജ്യൂസ് കടകൾ ഉൾപ്പെടെ 1092 സ്ഥാപനങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്.
ഗുരുതരമായ ശുചിത്വക്കുറവ് കണ്ടെത്തിയതും ആവശ്യമായ രേഖകളില്ലാത്തതുമായ 75 സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗൽ നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ കൈവശം വെക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് ഈ സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ഒരു ഹോട്ടൽ, ബേക്കറി, ജ്യൂസ് കട എന്നിവയുൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾക്ക് അടിയന്തരമായി പൂട്ടിയിടാൻ നിർദേശം നൽകി.
പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 121 കടകളിൽ നിന്നായി പുകവലി വിരുദ്ധ നിയമപ്രകാരം (COTPA) 10,600 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു.