കേരളത്തിന് കരുത്തായി എൻ.ഡി.ആർ.എഫ് റീജിയണൽ സെന്റർ എറണാകുളത്ത് ശിലാസ്ഥാപനം നിർവ്വഹിച്ചു
എറണാകുളം ഇരുമ്പനത്ത് എൻ.ഡി.ആർ.എഫ് റീജിയണൽ റെസ്പോൺസ് സെന്ററിന് തറക്കല്ലിട്ടു. കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പുതിയ കേന്ദ്രം വലിയ കരുത്താകും.
എറണാകുളം: കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗതയും കരുത്തും പകരാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) റീജിയണൽ റെസ്പോൺസ് സെന്റർ എറണാകുളത്ത് സജ്ജമാകുന്നു. ഇരുമ്പനം - എരൂർ റോഡിൽ സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു.
എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയന്റെ കീഴിലാണ് ഈ അത്യാധുനിക കേന്ദ്രം വരുന്നത്. നിലവിൽ തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായുള്ള നാലാം ബറ്റാലിയന്റെ രണ്ട് ടീമുകളാണ് കേരളത്തിലുള്ളത്. തൃശൂരിലെ സിവിൽ ഡിഫൻസ് അക്കാദമിയിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ഈ സംഘത്തിന് പുതിയ കേന്ദ്രം സജ്ജമാകുന്നതോടെ സ്ഥിരമായ ആസ്ഥാനമാകും.
സൗകര്യങ്ങൾ:
അത്യാധുനിക ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോർ റൂമുകൾ, സേനാംഗങ്ങൾക്കായുള്ള ബാറക്കുകൾ, പ്രത്യേക പരിശീലന ബ്ലോക്കുകൾ എന്നിവയടങ്ങിയ വിപുലമായ സമുച്ചയമാണ് ഇവിടെ ഉയരുന്നത്. മധ്യകേരളത്തിൽ സ്ഥിരമായൊരു കേന്ദ്രം വരുന്നതോടെ പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സാധിക്കും.
ചടങ്ങിൽ എൻ.ഡി.ആർ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് എസ്. വൈത്തിയലിംഗം, സി.ഐ.എസ്.എഫ് ബി.പി.സി.എൽ യൂണിറ്റ് ഡെപ്യൂട്ടി കമാൻഡന്റ് ഗിരീശൻ എന്നിവർ പങ്കെടുത്തു.