വേമ്പനാടിനെ കാക്കാൻ കൈകോർത്ത് നാട് അശാസ്ത്രീയ ട്രഡ്ജിങ്ങിനെതിരായ ജനകീയ സമരത്തിന് വിജയം.
പള്ളിപ്പുറം തവണക്കടവ് വേമ്പനാട്ട് കായലിലെ അശാസ്ത്രീയ ട്രഡ്ജിങ്ങിനെതിരെയുള്ള ജനകീയ സമരം വിജയിക്കുന്നു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പുനൽകി.
വേമ്പനാട് കായലിലെ അശാസ്ത്രീയ ട്രഡ്ജിങ്: ജനകീയ പ്രതിഷേധം വിജയത്തിലേക്ക്; ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പ്
ആലപ്പുഴ: പള്ളിപ്പുറം - തവണക്കടവ് മേഖലയിൽ വേമ്പനാട്ട് കായലിൽ നടക്കുന്ന അശാസ്ത്രീയമായ മണൽ ഖനനത്തിനെതിരെ പ്രദേശവാസികൾ നടത്തിവന്ന ജനകീയ സമരം വിജയത്തിലേക്ക്. നാട്ടുകാരുടെ ആവലാതികൾ പരിഹരിക്കാതെ ട്രഡ്ജിങ് മുന്നോട്ട് കൊണ്ടുപോകില്ലെന്ന് ട്രഡ്ജിങ് ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് പി.എസ് അറിയിച്ചു. ട്രഡ്ജിങ് പ്രദേശം സന്ദർശിച്ച് സമരസമിതി പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഉദ്യോഗസ്ഥന്റെ ഉറപ്പിനെ വലിയ കയ്യടികളോടെയാണ് സമരക്കാർ സ്വീകരിച്ചത്.
തീരത്തുനിന്നുള്ള നിശ്ചിത ദൂരം പാലിക്കുക, ട്രഡ്ജിങ്ങിന്റെ ആഴവും വീതിയും ക്രമീകരിക്കുക, സമീപത്തെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മത്സ്യ-കക്ക തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ ട്രഡ്ജിങ് ഏജൻസിക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നിർദ്ദേശം നൽകി.
കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശാസ്ത്രീയമായി നീക്കം ചെയ്യേണ്ട മണൽ, നിയമങ്ങൾ ലംഘിച്ച് ഒരിടത്തുനിന്ന് തന്നെ ഭീമമായ അളവിൽ ഖനനം ചെയ്യുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. മൂന്നാമതൊരു ഡ്രജർ കൂടി എത്തിയതോടെ നാട്ടുകാർ ശക്തമായ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു. രാജ്യത്തെ കറുത്ത കക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും നടക്കുന്ന ഈ മേഖല ഒരു പ്രകൃതിദത്ത സാങ്ച്വറിയായി സംരക്ഷിക്കപ്പെടേണ്ടതാണ്. നിലവിലെ മണലൂറ്റൽ കക്കയുടെ പ്രജനനത്തെ ബാധിക്കുമെന്നും ഇത് കക്ക വാരലിനെ ആശ്രയിക്കുന്ന ഏഴായിരത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
കൂടാതെ, ചരിത്രപ്രസിദ്ധമായ മാട്ടേൽ തുരുത്തിന് വെറും 50 മീറ്റർ അകലെയാണ് ഖനനം നടക്കുന്നത്. ഇത് തുരുത്തിന്റെ നിലനിൽപ്പിനും സമീപത്തെ പള്ളി, വീടുകൾ എന്നിവയ്ക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. കരിമീനിന്റെ ആവാസവ്യവസ്ഥ തകർക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പ് ഇടപെടണമെന്നും ആവശ്യമുയർന്നു.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ അടുത്ത ദിവസം എൻജിനീയറുടെ ഓഫീസിൽ സമരസമിതി പ്രതിനിധികളും ട്രഡ്ജിങ് ഏജൻസിയും പങ്കെടുക്കുന്ന ചർച്ച നടക്കും. സമരസമിതി ഭാരവാഹികളായ പി.ഡി. സബീഷ്, അഡ്വ. ജയശ്രീ ബിജു, ഫാദർ പീറ്റർ കണ്ണമ്പുഴ, ജോസഫ് സെന്തോ തുടങ്ങിയവരും ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.