ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന: യുഡിഎഫ് നടപടി മല എലിയെ പ്രസവിച്ചത് പോലെയെന്ന് കെ.എൻ. ബാലഗോപാൽ
യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 3000 രൂപയുടെ ഓണറേറിയം വർധന ആശാ പ്രവർത്തകരെ വഞ്ചിക്കുന്നതാണെന്നും മുൻ മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനമാണിതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന: യുഡിഎഫ് നടപടി മല എലിയെ പ്രസവിച്ചത് പോലെയെന്ന് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 3000 രൂപ വര്‍ധിപ്പിച്ചത് ‘മല എലിയെ പ്രസവിച്ചത് പോലെ’ ആയിപ്പോയെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അധികാരത്തില്‍ എത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ പ്രവർത്തകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവും തങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ബാലഗോപാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടന്നിരുന്നു. അന്ന് സമരക്കാർക്ക് നൽകിയ വാഗ്ദാനമാണ് വെറും 3000 രൂപയുടെ വർധനവിൽ യുഡിഎഫ് സർക്കാർ ഒതുക്കിയതെന്ന് അദ്ദേഹം വിമർശിച്ചു.
ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് ആശാ പ്രവർത്തകർക്ക് ലഭിച്ച ആനുകൂല്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മുൻ ധനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടുതവണയായി 2000 രൂപയുടെ വര്‍ദ്ധനവ് ആശാപ്രവര്‍ത്തകരുടെ വേതനത്തില്‍ ഇടതു സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ മാത്രം 3000 രൂപയുടെ ആകെ വര്‍ധനവാണ് ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഇതിനൊപ്പം തന്നെ അംഗന്‍വാടി, പ്രീ പ്രൈമറി ജീവനക്കാർ, സ്‌കൂള്‍ പാചക തൊഴിലാളികള്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും ഇതേ നിരക്കില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം പിണറായി സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ വെറും 1000 രൂപ മാത്രമായിരുന്ന ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോഴേക്കും 9000 രൂപയായി വര്‍ധിപ്പിച്ചു. അതായത്, 8,000 രൂപയുടെ ആകെ വർധനവാണ് എൽഡിഎഫ് ഭരണകാലയളവില്‍ ആശാപ്രവര്‍ത്തകര്‍ക്ക് ഉറപ്പാക്കിയത്.
മുൻകാല യുഡിഎഫ് സർക്കാരുകളുടെ സമീപനത്തെയും ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ 500 രൂപയായിരുന്ന ആശാ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വലിയ സമരങ്ങൾ നടന്നിരുന്നു. എന്നാൽ അഞ്ചു വര്‍ഷത്തെ ഭരണത്തിനൊടുവില്‍ വെറും 500 രൂപയുടെ വര്‍ധനവ് മാത്രമാണ് ഉമ്മന്‍ചാണ്ടി സർക്കാർ പ്രഖ്യാപിച്ചതെന്നും ഇതൊരിക്കലും കേരളം മറക്കില്ലെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.

