വയോജന കമ്മീഷൻ
വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് കരുത്താകണം വയോജന കമ്മീഷൻ
വയോജനങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിന് കരുത്താകണം: വയോജന കമ്മീഷൻ
വയോജനങ്ങളുടെ കഴിവും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ് പറഞ്ഞു. വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2031-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനത്തോളം വയോജനങ്ങളായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവരുടെ വൈദഗ്ധ്യം നാടിന്റെ വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണുകുടുംബങ്ങളിൽ വയോജനങ്ങൾ നേരിടുന്ന ഏകാന്തതയ്ക്കും മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കുടുംബാംഗങ്ങൾക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജീവമായി ഇടപെടണം. വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ചെയർപേഴ്സൺ ഓർമ്മിപ്പിച്ചു.
യോഗത്തിൽ വയോജന കമ്മീഷൻ അംഗം കെ.എൻ.കെ നമ്പൂതിരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ ജോൺ ജോഷി, ഫിനാഷ്യൽ ഓഫീസർ പി.എസ് പ്രിൻസ്, വിവിധ സംഘടനാ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

