ചിപ്സിലും ശർക്കര വരട്ടിയിലും മായം ചേർത്താൽ 3 ലക്ഷം രൂപ പിഴയും തടവും
ഓണക്കാലത്ത് ഏത്തക്ക ചിപ്സ്, ശർക്കര വരട്ടി എന്നിവയിലെ കൃത്രിമ നിറങ്ങളും മായവും തടയാൻ ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. നിയമലംഘകർക്ക് വൻ തുക പിഴയും തടവുശിക്ഷയും ലഭിക്കും.
ചിപ്സിലും ശർക്കര വരട്ടിയിലും മായം ചേർത്താൽ 3 ലക്ഷം രൂപ പിഴയും തടവും; പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഇടുക്കി: ഓണത്തോടനുബന്ധിച്ച് വിപണിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. വ്യാജവും നിരോധിച്ചതുമായ കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ 3 ലക്ഷം രൂപ വരെ പിഴയും 3 മാസം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏത്തക്ക ചിപ്സിലും ശർക്കര വരട്ടിയിലും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇവ സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്റെ (Unsafe Food) ഗണത്തിലാണ് ഉൾപ്പെടുന്നത്. ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അമിത മഞ്ഞനിറമുള്ള ചിപ്സുകൾ ഒഴിവാക്കാം
അമിതമായ മഞ്ഞനിറമുള്ള ചിപ്സുകളിൽ കൃത്രിമ നിറങ്ങൾ ചേർക്കാൻ സാധ്യതയേറെയാണെന്നും ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൃത്രിമ നിറങ്ങൾ ചേർത്തിട്ടില്ലെന്ന് വ്യാപാരികളോട് ചോദിച്ച് ഉറപ്പുവരുത്തണം. സ്വാഭാവിക നിറങ്ങൾ ചേർക്കുന്നതിന് തടസ്സമില്ല.
കഴിഞ്ഞ ആഴ്ച ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ചൈൽഡ് ഹോമുകളും വൃദ്ധസദനങ്ങളും ഉൾപ്പെടെ 59 സ്ഥാപനങ്ങൾ പരിശോധിച്ചു. ഇതിൽ 4 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 8 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും നൽകി. കൂടാതെ 8 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 5 സർവേയലൻസ് സാമ്പിളുകളും ശേഖരിച്ചു. നിയമലംഘനം നടത്തിയ ഒരു സ്ഥാപനത്തിനെതിരെ അഡ്ജ്യൂഡിക്കേഷൻ ശുപാർശയും സമർപ്പിച്ചിട്ടുണ്ട്.
കൃത്രിമ നിറങ്ങൾ ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ നിന്ന് വ്യാപാരികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.

