എന്റെ ജ്യേഷ്ഠസഹോദരൻ ചെന്നിത്തലയെ കണ്ട് അനുഗ്രഹം തേടി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സതീശനുമായി വ്യക്തിപരമായ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വി.ഡി. സതീശൻ മുഖ്യമന്ത്രി: 'സന്തോഷമെന്ന് രമേശ് ചെന്നിത്തല'; ജ്യേഷ്ഠസഹോദരനെന്ന് സതീശൻ
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അദ്ദേഹവുമായി വളരെ വ്യക്തിപരമായ ബന്ധമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സതീശന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി ചെന്നിത്തലയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇരുവരും ഐക്യം പ്രഖ്യാപിച്ചത്.
പത്തു വർഷത്തെ ഇടതു ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുക എന്ന വലിയ ദൗത്യമാണ് ഹൈക്കമാൻഡ് സതീശനെ ഏൽപ്പിച്ചിരിക്കുന്നതെന്ന് ചെന്നിത്തല ഓർമ്മിപ്പിച്ചു. ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും സതീശനൊപ്പം അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ രൂപീകരണത്തിൽ ഉപാധികളുണ്ടോ എന്ന ചോദ്യത്തിന്, "ഞങ്ങൾ തമ്മിൽ എന്ത് ഉപാധി?" എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് വി.ഡി. സതീശൻ പറഞ്ഞു. "ചെറുപ്പം മുതൽ ഞാൻ നിരന്തരം വന്നുപോകുന്ന വീടാണിത്. ഇതൊരു ഔദ്യോഗിക കൂടിക്കാഴ്ചയല്ല, മറിച്ച് രണ്ട് സഹോദരങ്ങൾ തമ്മിലുള്ള സംഗമമാണ്," സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ജ്യേഷ്ഠസഹോദര തുല്യനായ ചെന്നിത്തലയുടെ പൂർണ്ണ പിന്തുണയും ഉപദേശവും തനിക്കുണ്ടാകുമെന്നും സതീശൻ ഉറപ്പിച്ചു പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും സതീശൻ വ്യക്തമാക്കി.
ജോസഫ് വാഴയ്ക്കൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ പ്രമുഖ നേതാക്കളും ചെന്നിത്തലയുടെ വസതിയിൽ സന്നിഹിതരായിരുന്നു.