ദുരന്തബാധിതരുടെ പുനരധിവാസം 178 കുടുംബങ്ങൾക്കുള്ള ടൗൺഷിപ്പ് ഈ മാസം പൂർത്തിയാകും
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പിന്റെ പുരോഗതി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. 178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം പൂർത്തിയാകും
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ആദ്യഘട്ട ടൗൺഷിപ്പ് നിർമാണം ഈ മാസം പൂർത്തിയാകും; കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തൽ യോഗം ചേർന്നു
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ചത്. ടൗൺഷിപ്പിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 178 കുടുംബങ്ങളുടെ പുനരധിവാസം ഈ മാസം തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
ബാക്കിയുള്ള രണ്ട് ഘട്ടങ്ങളിലായി 149 ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനൊപ്പം ടൗൺഷിപ്പിൽ ഒരുക്കേണ്ട പൊതു സൗകര്യങ്ങളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള വീട് നിർമ്മാണം വേഗത്തിലാക്കാനും, ദുരന്തബാധിതർക്കുള്ള വാടക, ഭക്ഷ്യ കൂപ്പൺ, ഉപജീവന ധനസഹായം എന്നിവ സമയബന്ധിതമായി വിതരണം ചെയ്യാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
കാലവർഷം ശക്തിപ്പെടുന്നതിന് മുമ്പ് തന്നെ പുന്നപ്പുഴയുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സാസ്‌കി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിലാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക-നിയമ തടസ്സങ്ങൾ നീക്കുന്നതിന് അതത് വകുപ്പുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അടിസ്ഥാന സൗകര്യ വികസനം, ദുരന്തബാധിതർക്കായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം വിശദമായി ചർച്ച ചെയ്തു.
കളക്ടറേറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർ ജെ.ഒ അരുൺ, എ.ഡി.എം എ ജയശ്രീ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്റ്റർ ഇന്ദു എന്നിവരും വിവിധ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.