ബാദുഷയുടെ ആരോപണങ്ങൾ തള്ളി ഹരീഷ് കണാരൻ
ബാദുഷയുടെ ആരോപണങ്ങൾ തള്ളി ഹരീഷ് കണാരൻ പണം ചോദിച്ചതോടെ എആർഎമ്മിലെ അവസരം തട്ടിത്തെറിപ്പിച്ചു . വ്യക്തിപരമായ തർക്കങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും അത് വലിയ ക്രൂരതയാണെന്നും ഹരീഷ് പറഞ്ഞു.
ബാദുഷയുടെ ആരോപണങ്ങൾ തള്ളി ഹരീഷ് കണാരൻ; 'പണം ചോദിച്ചതോടെ എആർഎമ്മിലെ അവസരം തട്ടിത്തെറിപ്പിച്ചു'
കൊച്ചി: പ്രമുഖ നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എൻ.എം ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് നടൻ ഹരീഷ് കണാരൻ. താൻ നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ ബാദുഷ തന്റെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കുകയാണെന്ന് ഹരീഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വ്യക്തിപരമായ തർക്കങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും അത് വലിയ ക്രൂരതയാണെന്നും ഹരീഷ് പറഞ്ഞു.
വീടുപണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ബാദുഷയ്ക്ക് നൽകിയ പണം തിരികെ ചോദിച്ചത്. എന്നാൽ ഈ തുക ശമ്പളമായി കണക്കാക്കാമെന്ന് ബാദുഷ ഒരിടത്തും പറഞ്ഞിട്ടില്ല. പണം തിരികെ ചോദിച്ചതിന് പിന്നാലെയാണ് 'എആർഎം' (അജയന്റെ രണ്ടാം മോഷണം) എന്ന വലിയ പ്രോജക്റ്റിൽ നിന്ന് തന്നെ ഒഴിവാക്കിയത്. തനിക്ക് ഡേറ്റില്ലെന്നും മറുപടി നൽകുന്നില്ലെന്നും സിനിമയുടെ അണിയറപ്രവർത്തകരോട് ബാദുഷ നുണ പറഞ്ഞു. ഇതുസംബന്ധിച്ച് സിനിമയുടെ സംവിധായകൻ അയച്ച സന്ദേശങ്ങൾ തെളിവായി തന്റെ പക്കലുണ്ടെന്നും ഹരീഷ് വ്യക്തമാക്കി.
തനിക്കുവേണ്ടി 72 സിനിമകളിൽ ജോലി ചെയ്തുവെന്ന ബാദുഷയുടെ വാദം ശരിയല്ലെന്നും താൻ അത്രയും സിനിമകൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹരീഷ് പറഞ്ഞു. 'മധുരക്കണക്ക്' എന്ന സിനിമയുടെ ചിത്രീകരണത്തിൽ താൻ പ്രശ്നമുണ്ടാക്കിയെന്ന ആരോപണം ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ നിഷേധിച്ചിട്ടുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ തന്റെ പക്കൽ സുരക്ഷിതമാണെന്നും, വാർത്തകൾ വന്നതിന് പിന്നാലെ പ്രശ്നം ഒത്തുതീർപ്പാക്കാം എന്ന് കാണിച്ച് ബാദുഷ തനിക്കും ഭാര്യയ്ക്കും സന്ദേശങ്ങൾ അയച്ചതായും ഹരീഷ് കണാരൻ വെളിപ്പെടുത്തി.

