ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണം വിശദീകരണവുമായി പി.സി. ജോർജ്, തള്ളി രാജീവ് ചന്ദ്രശേഖർ
പൂഞ്ഞാറിലെ ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേട് നടന്നെന്ന പി.സി. ജോർജിന്റെ മുൻ പ്രസംഗം പുറത്തുവന്നത് പുതിയ വിവാദത്തിന് വഴിവെച്ചു. എന്നാൽ ആരോപണം തള്ളിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പാർട്ടിയിൽ അന്വേഷണമില്ലെന്ന് വ്യക്തമാക്കി.
ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് ആരോപണം: വിശദീകരണവുമായി പി.സി. ജോർജ്, തള്ളി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി. ജോർജ് മുൻപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപിക്കുള്ളിൽ പുതിയ ഫണ്ട് വിവാദം. മാസങ്ങൾക്ക് മുൻപ് എരുമേലിയിൽ നടന്ന ബിജെപി യോഗത്തിൽ സംസാരിക്കവേ, തിരഞ്ഞെടുപ്പ് ആവശ്യത്തിനായി പാർട്ടി നാലരക്കോടി രൂപ ചെലവഴിച്ചെന്നും ഒരു ബൂത്തിൽ 31,000 രൂപ വീതം നൽകാൻ നിർദേശമുണ്ടായിരുന്നെന്നും പി.സി. ജോർജ് വെളിപ്പെടുത്തിയിരുന്നു. ഈ പണം എവിടെ പോയെന്ന് സ്വയം ചിന്തിക്കണമെന്നും താൻ ഇതിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, വീഡിയോ പ്രചരിച്ചതോടെ വിശദീകരണവുമായി പി.സി. ജോർജ് രംഗത്തെത്തി. എരുമേലിയിൽ താൻ സംസാരിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും പാർട്ടി പ്രവർത്തകരോട് മാപ്പ് പറഞ്ഞ് പ്രശ്നം അന്നുതന്നെ അവസാനിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളിൽ പെട്ടു കിടക്കുന്ന ചില മാധ്യമങ്ങൾ വാർത്ത തിരിച്ചുവിടാൻ തന്നെ കരുവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണെന്നും തനിക്ക് അത്രപോലും ചെലവായിട്ടില്ലെന്നും ജോർജ് പറഞ്ഞു. ബിജെപി വിടുന്ന പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്നും കൂട്ടിച്ചേർത്തു.
അന്വേഷണമില്ലെന്ന് രാജീവ് ചന്ദ്രശേഖർ
അതേസമയം, ബിജെപിക്കുള്ളിൽ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പൂർണമായും തള്ളി. പാർട്ടിക്കുള്ളിൽ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണത്തിനായി കമ്മീഷനെയോ അച്ചടക്ക സമിതിയെയോ നിയോഗിച്ചിട്ടില്ല. ആരോപണം പി.സി. ജോർജ് തന്നെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര കാര്യങ്ങളെ തെറ്റായ രീതിയിൽ ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

