​പെൻഷൻ രേഖ ചോദിച്ചു മുക്കം നഗരസഭയിൽ ഉദ്യോഗസ്ഥയ്ക്ക് വീട്ടമ്മയുടെ കടിയേറ്റു

മുക്കം നഗരസഭയിൽ വിധവ പെൻഷൻ രേഖകളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് റവന്യു ഇൻസ്പെക്ടർക്ക് കടിയേറ്റു. ആക്രമണം നടത്തിയ സ്ത്രീയെ പൊലീസ് കൊണ്ടുപോയി

​പെൻഷൻ രേഖ ചോദിച്ചു മുക്കം നഗരസഭയിൽ ഉദ്യോഗസ്ഥയ്ക്ക് വീട്ടമ്മയുടെ കടിയേറ്റു
കടിയേറ്റ റവന്യു ഇൻസ്പെക്ടർ ധന്യ ജയറാം

​പെൻഷൻ രേഖ ചോദിച്ചു; മുക്കം നഗരസഭാ ഉദ്യോഗസ്ഥയെ കടിച്ചു പരുക്കേൽപ്പിച്ച് വീട്ടമ്മ

​മുക്കം: നഗരസഭാ ഓഫീസിലെത്തിയ വീട്ടമ്മ വനിതാ ഉദ്യോഗസ്ഥയെ കടിച്ചു പരുക്കേൽപ്പിച്ചു. വിധവ പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് റവന്യു ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടായത്. മുക്കം നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. ധന്യയെ കൂടാതെ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരായ രേഖ, ആരിഫ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.

​വിധവ പെൻഷൻ ഗുണഭോക്താവായ സ്ത്രീ, താൻ പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കാനാണ് നഗരസഭയിൽ എത്തിയത്. എന്നാൽ നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ കൂടുതൽ വിശദീകരണം ചോദിച്ചതോടെ ഇവർ പ്രകോപിതയാവുകയായിരുന്നു. ഓഫീസിലെ പ്രധാന ഫയലുകൾ വാരിവലിച്ചെറിഞ്ഞ ഇവർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.

​ആക്രമണം നടത്തിയ സ്ത്രീക്ക് മാനസികമായ അസ്വസ്ഥതകൾ ഉള്ളതായാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇതിന് പിന്നാലെ സ്ത്രീയുടെ ബന്ധുക്കൾ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. പരുക്കേറ്റ ജീവനക്കാർ ചികിത്സ തേടി.