നേതാക്കൾ സുഖലോലുപരായി, പാർട്ടി ഓഫിസുകൾ ദല്ലാൾമാർ കൈയടക്കി സിപിഎമ്മിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷവിമർശനം തള്ളി എം.വി. ഗോവിന്ദൻ
എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി.
നേതാക്കൾ സുഖലോലുപരായി, പാർട്ടി ഓഫിസുകൾ ദല്ലാൾമാർ കൈയടക്കി; സിപിഎമ്മിനെതിരെ വെള്ളാപ്പള്ളിയുടെ രൂക്ഷവിമർശനം; തള്ളി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫിനു ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഎമ്മിനെതിരെയും ഇടത് മുന്നണിക്കെതിരെയും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനങ്ങളെ മറന്ന് സാമ്പത്തിക നേട്ടത്തിനായി പാഞ്ഞ സിപിഎം നേതാക്കൾ ചെയ്ത പാപങ്ങളാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വിമർശിക്കുന്നു. തുടർഭരണം ലഭിച്ചതോടെ നേതാക്കളും അണികളും സുഖലോലുപരായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം നഷ്ടമായപ്പോൾ ബ്രാഞ്ച് കമ്മിറ്റി മുതൽ പൊളിറ്റ് ബ്യൂറോ വരെ എല്ലാ കുറ്റങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കുന്ന പ്രവണതയെയും വെള്ളാപ്പള്ളി വിമർശിച്ചു. മുൻപ് ആർക്കും ഏതാവശ്യത്തിനും കയറിച്ചെല്ലാനാകുമായിരുന്ന പാർട്ടി ഓഫിസുകൾ ഇപ്പോൾ ബ്രാൻഡഡ് വേഷമണിഞ്ഞ് മുന്തിയ വാഹനങ്ങളിൽ എത്തുന്ന ദല്ലാൾമാരും അധികാര കച്ചവടക്കാരുമാണ് കൈയടക്കിയിരിക്കുന്നത്. വിദ്യാർഥി നേതാക്കൾ മുതൽ ഏരിയ സെക്രട്ടറിമാർക്ക് വരെ ഇപ്പോൾ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
സിപിഐക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും വിമർശനം
സർക്കാരിന്റെയും മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതിസന്ധികൾ സൃഷ്ടിച്ചത് സിപിഐ ആണെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിൽ 'നവകമ്യൂണിസ്റ്റുകളുടെ' അഴിമതി വാഴ്ചയായിരുന്നു. സ്വന്തം വോട്ട് ബാങ്ക് മറന്നുകൊണ്ടുള്ള ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി ഭവിച്ചു.
ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും വലിയ പങ്കുണ്ടെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. വിവാദപുരുഷനായ പി. ശശിയുടെ നിയന്ത്രണത്തിലായിരുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപക സംഘത്തിന്റെ പിടിയിലായിരുന്നു. പിണറായി വിജയൻ അറിയാതെ പല ഇടപാടുകളും ഇടപെടലുകളും ഈ സംഘം നടത്തിയിട്ടുണ്ടെന്നും, അതിന്റെ കേടാണ് ഇപ്പോൾ മുഖ്യമന്ത്രിയും പാർട്ടിയും അനുഭവിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളിയെ തള്ളി എം.വി. ഗോവിന്ദൻ
എന്നാൽ, വെള്ളാപ്പള്ളി നടേശന്റെ ഈ വാദങ്ങളെല്ലാം പൂർണ്ണമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ ആരോപണങ്ങളൊന്നും പാർട്ടി അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തരും അവരവരുടെ വാദമുഖങ്ങൾ മുന്നോട്ടുവെക്കുന്നു എന്നതിനപ്പുറം അതിനോട് യോജിക്കാനാകില്ല. സിപിഎം നേതാക്കൾ ആരെയൊക്കെ കാണുന്നത് തെറ്റാണെന്ന് യുഡിഎഫ് പ്രചരിപ്പിച്ചോ, അവരെയെല്ലാം കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും മത്സരിച്ച് പൊയ്ക്കൊണ്ടിരിക്കുന്ന ചിത്രമാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
