​കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച കേസ് രണ്ട് യുവാക്കൾ അറസ്റ്റിൽ ഒളിവിൽ കഴിഞ്ഞത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത്

​ആലുവയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. മുട്ടം പമ്പിൽ വെച്ച് അതിഥി തൊഴിലാളിയെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്.

​കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച കേസ് രണ്ട് യുവാക്കൾ അറസ്റ്റിൽ ഒളിവിൽ കഴിഞ്ഞത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത്
ആലുവയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് പിടികൂടി

ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

​കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ബസ്സിനു കുറുകെ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഡ്രൈവർ ഭാഗത്തുള്ള ഡോർ ബലമായി വലിച്ചുതുറന്ന് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരിക്കേറ്റു. ബസ്സിൻ്റെ താക്കോലുമായാണ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.

​ആക്രമണത്തിന് ശേഷം മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ബന്ധു വീടുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. മുട്ടം ഭാഗത്തെ പെട്രോൾ പമ്പിൽ വെച്ച് അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും ഇവർ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

​ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ ജോസ്സി എം. ജോൺസൻ, ബി. സുരേഷ് കുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.