വയോജനങ്ങളെ ചേർത്തുപിടിച്ച് മന്ത്രി
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം ഹിൽപ്പാലസ് കണ്ട് സ്നേഹക്കൂടിലെ അച്ഛനമ്മമാർ കരുതലായി സർക്കാർ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം ഹിൽപ്പാലസ് കണ്ട് സ്നേഹക്കൂടിലെ അച്ഛനമ്മമാർ; കരുതലായി സർക്കാർ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഹിൽപ്പാലസിന്റെ പടിവാതിൽക്കൽ നിന്ന് സങ്കടത്തോടെ മടങ്ങേണ്ടി വന്ന സ്നേഹക്കൂടിലെ അച്ഛനമ്മമാർക്ക് ഇനി സന്തോഷത്തിന്റെ ഓർമ്മകൾ. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ഒരുക്കിയ സ്വീകരണത്തിൽ അവർ കൊട്ടാരക്കാഴ്ചകൾ കണ്ട് മനസ് നിറഞ്ഞു മടങ്ങി.
കഴിഞ്ഞ തവണ ഹിൽപ്പാലസിലെത്തിയ സ്നേഹക്കൂട് അന്തേവാസികൾക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം മൂലം അകത്ത് പ്രവേശിക്കാനാകാതെ മടങ്ങേണ്ടി വന്നിരുന്നു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇവർക്കായി പ്രത്യേക സന്ദർശനവും സ്വീകരണവും ഒരുക്കിയത്. ഡയറക്ടർ നിഷയ്ക്കൊപ്പമാണ് അന്തേവാസികൾ എത്തിയത്.
"വയോജനങ്ങളെ ചേർത്തുപിടിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒരു ഉദ്യോഗസ്ഥൻ കാണിച്ച കെടുകാര്യസ്ഥതയുടെ പേരിൽ ആ വകുപ്പിനെ മുഴുവൻ കുറ്റപ്പെടുത്തരുത്," എന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. ഇത്തരം ഇടങ്ങളിൽ വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിനിടെ അന്തേവാസികളായ തങ്കമ്മയ്ക്കും വർഗീസിനുമൊപ്പം മന്ത്രി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അവർക്കൊപ്പം പാട്ടുപാടിയും ചിത്രങ്ങൾ എടുത്തും സമയം ചിലവഴിച്ച മന്ത്രി, സ്നേഹക്കൂടിലെ അംഗങ്ങളുടെ കലാപരിപാടികൾ കണ്ട ശേഷമാണ് മടങ്ങിയത്.

