​ആലുവയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ശ്യാമൾ റോയ് പിടിയിൽ

ആലുവയിൽ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശികളായ ശ്യാമൾ റോയിയെയും സാബിർ ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു.

​ആലുവയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ശ്യാമൾ റോയ് പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയിയും കൂട്ടാളിയും

​ആലുവയിൽ വധശ്രമം: കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയിയും കൂട്ടാളിയും പിടിയിൽ; പിടിയിലായത് ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ

​ആലുവ: ആലുവ നഗരത്തെ നടുക്കിയ വധശ്രമക്കേസിലെ പ്രതികളായ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവും കൂട്ടാളിയും ആലുവ പോലീസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ശ്യാമൾ റോയ് (37), സാബിർ ഹുസൈൻ (34) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആലുവയിലെ ബാറിന് സമീപം വെച്ച് ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്‌നാട് സ്വദേശി ശക്തിവേൽ എന്നിവരെ മാരകമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്.

​തർക്കം ചോദ്യം ചെയ്തതിന് വധശ്രമം

​ഈ മാസം അഞ്ചാം തീയതി രാത്രിയായിരുന്നു ആക്രമണം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിലേർപ്പെടുന്നത് ചോദ്യം ചെയ്തതിനാണ് അബ്ബാസിനെയും ശക്തിവേലിനെയും ഇവർ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

​പിടിയിലായത് അന്തർസംസ്ഥാന മോഷ്ടാവ്

​മുഖ്യപ്രതിയായ ശ്യാമൾ റോയ് കേരളത്തിലുടനീളം ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ്. 2014 മുതൽ വിവിധ ജില്ലകളിലായി ഇയാൾ മോഷണം നടത്തിവരികയായിരുന്നു. ഒരിടത്തും സ്ഥിരമായി താമസിക്കാത്ത ഇയാളെ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. രണ്ടാമൻ സാബിർ ഹുസൈനെ ആലുവയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വീടുകൾ കുത്തിത്തുറക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളും കൈയുറകളും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.

​അന്വേഷണ സംഘം

​ആലുവ ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ, എസ് ഐമാരായ ജോസി എം ജോൺസൺ, വി.അനൂപ്, എ എസ് ഐമാരായ വർഗീസ്, മനാഫ്, സി പി ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ, റോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.