മറ്റുള്ളവരുടെ അവകാശം തിരിച്ചറിയുന്നതാണ് സംസ്കാരം
ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയലാണ് യഥാർത്ഥ സംസ്കാരമെന്ന് പത്മശ്രീ മമ്മൂട്ടി
മറ്റുള്ളവരുടെ അവകാശം തിരിച്ചറിയുന്നതാണ് സംസ്കാരം: മമ്മൂട്ടി
കൊച്ചി: ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയലാണ് യഥാർത്ഥ സംസ്കാരമെന്ന് പത്മശ്രീ മമ്മൂട്ടി. ഒന്നാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മൾ മാത്രമല്ല ഈ ലോകത്ത് ജീവിക്കുന്നത്. നമ്മളെപ്പോലെ കോടിക്കണക്കിന് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഇവിടെയുണ്ട്. ഈ ഭൂമിയും വായുവും ജലവുമെല്ലാം അവർക്കും കൂടി അവകാശപ്പെട്ടതാണ്. ഇത് തിരിച്ചറിയുമ്പോഴാണ് നമ്മൾ സംസ്കാരസമ്പന്നരാകുന്നത്. മനുഷ്യരെ പരസ്പരം ബഹുമാനിക്കുക എന്നതാണ് ഏറ്റവും വലിയ മതം," മമ്മൂട്ടി പറഞ്ഞു. നമ്മളിൽ ഉറങ്ങിക്കിടക്കുന്നതോ മറന്നുപോകുന്നതോ ആയ സാംസ്കാരികതയെ ഉണർത്താൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ രണ്ടാം ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ലോഗോ പ്രകാശനം മമ്മൂട്ടി നിർവഹിച്ചു. പ്രമുഖ സംഗീത സംവിധായകൻ ടി.എം. കൃഷ്ണ അഞ്ച് ഭാഷകളിലായി ആലപിച്ച 'ഹം ദേഖേംഗെ' എന്ന ഉർദു ഗാനം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി. ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ സന്ദേശം നാടക സംവിധായകൻ സുധൻവ ദേശ്പാണ്ഡെ വായിച്ചു. രണ്ടാം ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രഖ്യാപനം നടി രത്ന പഥക് ഷായും എഴുത്തുകാരൻ ഗണേഷ് എൻ. ദേവിയും ചേർന്ന് നിർവഹിച്ചു.
അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി. രാജീവ്, എം.എൽ.എമാരായ കെ.ജെ. മാക്സി, പി.വി. ശ്രീനിജിൻ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

