യുഎസിൽ വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്നു വീണു മൂവാറ്റുപുഴ സ്വദേശിയായ വരനും പൈലറ്റും മരിച്ചു
യുഎസിലെ ജോർജിയയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ തലവടി സ്വദേശിയായ വധു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്
വിവാഹയാത്ര ദുരന്തമായി; ജോർജിയയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി വരൻ മരിച്ചു
മൂവാറ്റുപുഴ: യുഎസിലെ ജോർജിയയിൽ പ്രവാസി മലയാളികളായ വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽ നിന്നു വർഷങ്ങൾക്കു മുൻപേ യുഎസിലേക്ക് കുടിയേറിയ കടുവാക്കുഴിയിൽ ഫിജി ജോർജ് - ഫേബ ഫിജി ദമ്പതികളുടെ മകൻ ഡേവ് ഫിജി (അറ്റ്ലാന്റ് എയർലൈൻസ് പൈലറ്റ്) ആണ് മരിച്ചത്. വധു തലവടി ചുടുകാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ - ഷീല സാം ദമ്പതികളുടെ മകൾ ജെസ്നി സാം നിലവിൽ ചികിത്സയിലാണ്.
ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ പ്രാദേശിക സമയം 29ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30ന് രാവിലെ 8) ആയിരുന്നു അപകടം. ഇരു കുടുംബങ്ങളും വർഷങ്ങളായി യുഎസിലാണ് താമസം. 29ന് വൈകിട്ട് 4.30ന് ആയിരുന്നു ഡേവിന്റെയും ജെസ്നിയുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള ഹെലികോപ്റ്റർ യാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്.
അന്വേഷണം പ്രഖ്യാപിച്ചു: അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ സാഹചര്യം വ്യക്തമല്ല.
നാട്ടിലെ സൽക്കാരം മാറ്റിവെച്ചു
തലവടി സ്വദേശിയായ സാമും കുടുംബവും കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. മകളുടെ വിവാഹം പ്രമാണിച്ച് ഇന്നലെ തലവടിയിലെ ടിപിഎം സഭാഹാളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് ഒരുക്കിയിരുന്നു. എന്നാൽ അമേരിക്കയിൽ നിന്നും ദുരന്തവാർത്ത എത്തിയതോടെ ഈ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. ഇതിലൂടെയാണ് നാട്ടിലുള്ള ബന്ധുക്കൾ അപകടവിവരം അറിയുന്നത്.

