മനുഷ്യന്റെ തലച്ചോറാണ് ലോകത്തിലെ ഏറ്റവും വലിയ ഒറിജിനൽ കമ്പ്യൂട്ടർ മന്ത്രി റോജി എം ജോൺ

മസ്തിഷ്ക ആരോഗ്യ പഠനങ്ങൾക്കും ന്യൂറോ സയൻസ് ഗവേഷണങ്ങൾക്കും ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ ന്യൂറോ സയൻസിന്റെ വെള്ളി വെളിച്ചം ആഘോഷങ്ങളും അന്താരാഷ്ട്ര സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ തലച്ചോറാണ് ലോകത്തിലെ ഏറ്റവും വലിയ ഒറിജിനൽ കമ്പ്യൂട്ടർ മന്ത്രി റോജി എം ജോൺ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ന്യൂറോ സയൻസിന്റെ ഇരുപത്തിയഞ്ചാം വാർഷികവും ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ട്രാൻസിലേഷനൽ ന്യൂറോ സയൻസ് സെമിനാറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
മനുഷ്യന്റെ തലച്ചോറാണ് ലോകത്തിലെ ഏറ്റവും വലിയ ഒറിജിനൽ കമ്പ്യൂട്ടർ മന്ത്രി റോജി എം ജോൺ
മനുഷ്യന്റെ തലച്ചോറാണ് ലോകത്തിലെ ഏറ്റവും വലിയ ഒറിജിനൽ കമ്പ്യൂട്ടർ മന്ത്രി റോജി എം ജോൺ

മസ്തിഷ്ക ആരോഗ്യ പഠനങ്ങൾക്കും ന്യൂറോ സയൻസ് ഗവേഷണങ്ങൾക്കും പ്രാധാന്യമേറുന്നു: മന്ത്രി റോജി എം ജോൺ

കൊച്ചി: മനുഷ്യജീവിതത്തിന് വേഗതയേറുകയും സങ്കീർണ്ണതകൾ വർദ്ധിക്കുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ മസ്തിഷ്ക ആരോഗ്യത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും ന്യൂറോ സയൻസ് ഗവേഷണങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പ്രസ്താവിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ ന്യൂറോ സയൻസിന്റെ 25-ാം വാർഷികവും 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ട്രാൻസ്ലേഷനൽ ന്യൂറോ സയൻസ്' സെമിനാറും കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കൃത്രിമബുദ്ധി (AI) മനുഷ്യബുദ്ധിയെ മറികടക്കുന്ന രീതിയിൽ വേഗത്തിൽ വികസിക്കുകയാണെങ്കിലും, മനുഷ്യന്റെ വിവേചനശേഷിക്കും സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുകൾക്കും പകരമാകാൻ സാങ്കേതികവിദ്യക്ക് സാധിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ മാസ്റ്റർ കമ്പ്യൂട്ടർ അല്ലെങ്കിൽ ഒറിജിനൽ കമ്പ്യൂട്ടർ എന്നത് മനുഷ്യന്റെ തലച്ചോറ് തന്നെയാണ്. തലച്ചോറിനുണ്ടാകുന്ന വൈകല്യങ്ങൾ, പോരായ്മകൾ, അനുബന്ധ രോഗങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടത് അത്യാവശ്യമാണ്. സർവകലാശാല ലബോറട്ടറികളിൽ നടക്കുന്ന പഠനങ്ങൾ ലാബുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ സംബന്ധമായ രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താൻ ഗവേഷണങ്ങൾ വഴി സാധിക്കണം. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരെ ചേർത്തുനിർത്തി പ്രവർത്തിക്കുന്ന കുസാറ്റ് സെന്റർ ഫോർ ന്യൂറോ സയൻസ് കഴിഞ്ഞ 25 വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന മികച്ച വിദ്യാർഥികളേയും ഗവേഷകരെയും വാർത്തെടുത്തിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

​ചടങ്ങിൽ കുസാറ്റ് സിൻഡിക്കേറ്റ് അംഗം മുഹമ്മദ് ഷിയാസ് എം.എൽ.എ, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. പി സി ഹരി ഗോവിന്ദ്, പരിപാടിയുടെ കൺവീനർ ഡോ. പി എസ് ബേബി ചക്രപാണി, ഡോ. ഐശ്വര്യ ദീപ്തി, ശ്രദ്ധ തുടങ്ങിയവർ പങ്കെടുത്തു.

​നാലുദിവസം നീളുന്ന പരിപാടിയുടെ ഭാഗമായി ബ്രെയിൻ എക്സിബിഷൻ, 3D ബ്രെയിൻ പ്രൊജക്ഷൻ, മൂന്ന് ദിവസത്തെ പബ്ലിക് ബ്രെയിൻ സിംപോസിയം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂറോഡെവലപ്‌മെന്റ്, മാനസികാരോഗ്യം, ന്യൂറോഡിജനറേഷൻ എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് സിംപോസിയം നടക്കുന്നത്.

​നിംഹാൻസ് (NIMHANS), ഐ.ഐ.എസ്.സി ബെംഗളൂരു (IISC Bengaluru) എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന ബ്രെയിൻ എക്സിബിഷനിൽ മസ്തിഷ്കത്തിന്റെ ഘടന, വികസനം, വിവിധ രോഗങ്ങളിലെ മാറ്റങ്ങൾ, ശാസ്ത്രീയ സാമ്പിളുകൾ എന്നിവ നേരിട്ട് മനസ്സിലാക്കാൻ അവസരമുണ്ടാകും. 3D ബ്രെയിൻ പ്രൊജക്ഷനിലൂടെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ ദൃശ്യാനുഭവമായി പരിചയപ്പെടാം. "ആരോഗ്യപൂർണമായ സമൂഹത്തിന് ആരോഗ്യമേറിയ മസ്തിഷ്കം" (Healthy Brain for a Healthy Society) എന്ന സന്ദേശവുമായി പൊതുജനങ്ങളിലേക്കും വിദ്യാർത്ഥികളിലേക്കും മസ്തിഷ്കശാസ്ത്രത്തെ എത്തിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.