യുവതിയെ മദ്യവും ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി ബന്ധു ഉൾപ്പെടെ നാല് പേർ പിടിയിൽ
പേരാമ്പ്രയിൽ യുവതിയെ മദ്യവും ലഹരിയും നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രജീഷ്, സാക്കിർ ഹുസൈൻ, ജാസിഫ്, അഭിലാഷ് എന്നിവരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ പ്രതിയായ രജീഷ് ഉൾപ്പെടെയുള്ള സംഘത്തെ രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിലാണ് പിടികൂടിയത്
പേരാമ്പ്രയിൽ യുവതിയെ മദ്യവും ലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി ബന്ധു ഉൾപ്പെടെ നാല് പേർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
പേരാമ്പ്ര: യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികളായ നാല് പേരെ പേരാമ്പ്ര പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. വെള്ളിയൂർ വലിയപറമ്പ് സ്വദേശി ജാസിഫ് (39), കരുവാഞ്ചേരി ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് രജീഷ് (40), നടുവണ്ണൂർ താണിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്.
ഒരു രാത്രി മുഴുവൻ നീണ്ട ഊർജ്ജിത തിരച്ചിലിനൊടുവിലാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തെ കരുവാഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കസ്റ്റഡിയിലായത്.
ബന്ധു പണം വാങ്ങി ഒത്താശ ചെയ്തു; ക്രൂരത ഫോണിൽ പകർത്തി
യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. കേസിലെ പ്രതികളിൽ ഒരാൾ യുവതിയുടെ അടുത്ത ബന്ധുവാണ്. യുവതിയെ പീഡിപ്പിക്കുന്നതിനായി ഒത്താശ ചെയ്യാനും വഴിവിട്ട് സഹായിക്കാനും ഈ ബന്ധു മറ്റുള്ളവരിൽ നിന്ന് വൻ തുക പണം കൈപ്പറ്റിയതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് വിവരം പുറത്തു പറയാൻ വൈകിയതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി.
പ്രധാന പ്രതി മുൻ കാപ്പ തടവുകാരൻ
കേസിലെ പ്രധാന പ്രതിയായ നടുവണ്ണൂർ സ്വദേശി രജീഷ് മുൻപ് കാപ്പ (KAAPA) നിയമപ്രകാരം നാടുകടത്തപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. നാടുകടത്തൽ കാലാവധി നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ച് വാരിയെല്ല് അടിച്ചുപൊട്ടിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതലയുള്ള പേരാമ്പ്ര എഎസ്പി പി. ആരതി അറിയിച്ചു.