ഹെൽമെറ്റില്ലാതെ പാച്ചിൽ, സിനിമയെ വെല്ലുന്ന ചേസിങ് കൊച്ചിയിൽ മോഷ്ടിച്ച സ്കൂട്ടറുമായി യുവതി പിടിയിൽ
എറണാകുളം കാക്കനാട് കളമശ്ശേരി മേഖലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മോഷ്ടിച്ച സ്കൂട്ടറുമായി യുവതി പിടിയിലായത്. 5 കിലോമീറ്ററോളം പിന്തുടർന്നാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
വ്യാജ നമ്പറിൽ ഹെൽമെറ്റില്ലാതെ പാച്ചിൽ; കൊച്ചിയിൽ മോഷ്ടിച്ച സ്കൂട്ടറുമായി യുവതി പിടിയിൽ
കൊച്ചി: എറണാകുളം നഗരത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ മോഷ്ടിച്ച സ്കൂട്ടറുമായി യുവതി പിടിയിലായി. മെയ് 22 വെള്ളിയാഴ്ച വൈകുന്നേരം കാക്കനാട്-കളമശ്ശേരി മേഖലയിൽ സീപോർട്ട്-എയർപോർട്ട് റോഡിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹെൽമെറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും ഒപ്പമുണ്ടായിരുന്ന 17 വയസ്സ് തോന്നിക്കുന്ന കുട്ടിയെയും പരിശോധന സംഘം തടയാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഉദ്യോഗസ്ഥരെ കണ്ടയുടൻ വാഹനം നിർത്താതെ യുവതി അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ഷിജു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.ബി. വിഷ്ണു പ്രസാദ് എന്നിവരടങ്ങുന്ന സംഘം ഇവരെ പിന്തുടർന്നു. അഞ്ച് കിലോമീറ്ററോളം അമിതവേഗതയിൽ പാഞ്ഞ സ്കൂട്ടറിനെ ഒടുവിൽ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു.
വാഹനം ആരുടേതാണെന്ന ചോദ്യത്തിന് സുഹൃത്തിന്റേതാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ സ്കൂട്ടറിലെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അത് വ്യാജമാണെന്ന് തെളിഞ്ഞു. പ്രസ്തുത നമ്പറിലെ യഥാർത്ഥ വാഹനം നിലവിൽ അടിമാലിയിലാണെന്ന് ഉടമ ഫോണിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു.
ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടറിന്റെ ചേസിസ് നമ്പർ ഉൾപ്പെടെയുള്ളവ പരിശോധിച്ച് യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരി 22-ന് എറണാകുളം കോൺവെന്റ് ജംഗ്ഷനിൽ നിന്നും മോഷണം പോയ സ്കൂട്ടറായിരുന്നു ഇത്. മോഷണവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വാഹനവും പ്രതികളെയും തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.