​സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കിഡ് ഗ്ലോവ് ജാഗ്രത വേണമെന്ന് കെ. എസ്. സുദർശൻ

​കേരള പോലീസിന്റെ കിഡ് ഗ്ലോവ് പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിലെ സൈബർ ക്യാപ്റ്റന്മാർക്കുള്ള ബാഡ്ജ് വിതരണവും ബോധവൽക്കരണവും ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു.

​സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കിഡ് ഗ്ലോവ് ജാഗ്രത വേണമെന്ന് കെ. എസ്. സുദർശൻ
സൈബർ ക്യാപ്റ്റൻ ബാഡ്ജ് ലഭിച്ചവർ ജില്ലാ പോലീസ്‌ മേധാവി കെ.എസ് സുദർശന് ഒപ്പം.

​കിഡ് ഗ്ലോവ് പദ്ധതി: എറണാകുളം റൂറലിൽ സൈബർ ബാഡ്ജ് വിതരണം ചെയ്തു; സൈബർ സുരക്ഷയിൽ ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ

ആലുവ: കേരള പോലീസിന്റെ സൈബർ സുരക്ഷാ ബോധവൽക്കരണ സംരംഭമായ 'കിഡ് ഗ്ലോവ്' പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എറണാകുളം റൂറൽ ജില്ലയിലെ സൈബർ ക്യാപ്റ്റന്മാർക്കുള്ള ബാഡ്ജ് വിതരണം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ചടങ്ങിൽ ബാഡ്ജ് വിതരണവും റൂറൽ ജില്ലയിലെ സൈബർ സുരക്ഷാ ബോധവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു.

​ഡിജിറ്റൽ യുഗത്തിൽ സൈബർ രംഗത്തെ സുരക്ഷയെക്കുറിച്ച് ഓരോരുത്തരും എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. കുട്ടികൾക്കിടയിൽ സൈബർ സുരക്ഷയെക്കുറിച്ചും ഡിജിറ്റൽ ലോകത്തെ അപകടങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് 'കിഡ് ഗ്ലോവ്'.

​ചടങ്ങിൽ അഡീഷണൽ എസ്.പി ടി. ബി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി സൈബർ ഡോം ഉദ്യോഗസ്ഥരായ എ. ആർ. സിജു, എൻ. ഷിറിൻ, ഡി.സി.ആർ.സി കൗൺസിലർ സുമ രഘുനാഥൻ, സബ് ഇൻസ്പെക്ടർ ആർ. ദിൽജിത്, സിസ്റ്റർ ഡോ. അർപ്പിത തുടങ്ങിയവർ സംസാരിച്ചു.

​തുടർന്ന് വിദ്യാർത്ഥികൾക്കായി നടന്ന പ്രത്യേക പരിശീലന ക്ലാസുകൾക്ക് എ.എസ്.ഐമാരായ ബോബി കുര്യാക്കോസ്, ജിമ്മോൻ ജോർജ് എന്നിവർ നേതൃത്വം നൽകി.