സംസ്ഥാനത്ത് വീണ്ടും മണ്ണെണ്ണ ക്ഷാമം രൂക്ഷമാകുന്നു
മത്സ്യഫെഡ് വഴി മീൻപിടിത്ത വള്ളങ്ങൾക്ക് വെള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് റേഷൻ വിഹിതമായി ലഭിക്കുന്ന നീല മണ്ണെണ്ണയും മത്സ്യബന്ധന ആവശ്യങ്ങൾക്കായി മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം രൂക്ഷമായ പ്രതിസന്ധിയിലാകും
കേരളത്തിൽ റേഷൻ മണ്ണെണ്ണ വിഹിതം തടസ്സപ്പെടും; കേന്ദ്രം വിഹിതം വർധിപ്പിച്ചില്ല, ക്വാർട്ടർ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും റേഷൻ കാർഡ് ഉടമകൾക്ക് ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കില്ലെന്ന് ഉറപ്പായി. കേന്ദ്ര പെട്രോളിയം മന്ത്രാലയം വിഹിതം വർധിപ്പിക്കാത്തതാണ് പ്രധാന കാരണം. നിലവിലെ വിഹിതത്തിൽനിന്ന് യന്ത്രം ഘടിപ്പിച്ച മീൻപിടിത്ത വള്ളങ്ങൾക്കും മണ്ണെണ്ണ നൽകാൻ കേന്ദ്രം അനുവാദം നൽകിയതോടെ റേഷൻ വിഹിതത്തിൽ വീണ്ടും കുറവുണ്ടാകാൻ സാധ്യതയുണ്ട്.
കേരളത്തിനുള്ള ഈ ക്വാർട്ടറിലെ മണ്ണെണ്ണ വിഹിതം 4,068 കിലോ ലീറ്ററായി (40.68 ലക്ഷം ലീറ്റർ) തന്നെ നിലനിർത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വരെ പ്രതിവർഷ ക്വാർട്ടറുകളിൽ 5,676 കിലോലീറ്റർ (56.76 ലക്ഷം ലീറ്റർ) നൽകിയിരുന്ന സ്ഥാനത്താണ് ഏപ്രിൽ മുതൽ വെട്ടിക്കുറവ് വരുത്തിയത്. മണ്ണെണ്ണയുടെ ചില്ലറ വിൽപനവില നിലവിലെ പോലെ ലീറ്ററിന് 71 രൂപയായി തുടരും.
നിലവിലുള്ള വിഹിതം 95 ലക്ഷത്തോളം വരുന്ന കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാൻ തികയില്ല. സംസ്ഥാനത്തെ 5.94 ലക്ഷം വരുന്ന മഞ്ഞ (AAY) കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും, 89 ലക്ഷത്തിലേറെ വരുന്ന പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവുമാണ് ഒരു ക്വാർട്ടറിലെ നിശ്ചിത വിഹിതം. വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുടമകൾക്ക് 6 ലീറ്ററാണ് വിഹിതം. എന്നാൽ വിഹിതം കുറഞ്ഞതോടെ അര ലീറ്റർ ലഭിക്കേണ്ട സാധാരണ കാർഡ് ഉടമകൾക്ക് അത് മുഴുവൻ നൽകാൻ സാധിക്കാത്ത അവസ്ഥയാണ്.
നിലവിൽ മത്സ്യഫെഡ് വഴി മീൻപിടിത്ത വള്ളങ്ങൾക്ക് വെള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേയാണ് റേഷൻ വിഹിതമായി ലഭിക്കുന്ന നീല മണ്ണെണ്ണയും മത്സ്യബന്ധന ആവശ്യങ്ങൾക്കായി മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം രൂക്ഷമായ പ്രതിസന്ധിയിലാകും.