എ.ഐ കാലത്തെ പകർപ്പവകാശം നിയമചട്ടക്കൂടുകളിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
സിനിമ, സംഗീത മേഖലകളിലെ പകർപ്പവകാശ ലംഘനങ്ങളും എ.ഐ (AI) സൃഷ്ടിക്കുന്ന ഡിജിറ്റൽ ഭീഷണികളും നേരിടാൻ നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ബോൾഗാട്ടി പാലസിൽ നടന്ന മ്യൂസിക്, സിനിമ ആന്‍ഡ് ലോ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ വെല്ലുവിളികളും പകർപ്പവകാശ ലംഘനവും: നിയമങ്ങളിൽ കാലാനുസൃത മാറ്റം അനിവാര്യമെന്ന് മുഖ്യമന്ത്രി
കൊച്ചി: സിനിമ, സംഗീത മേഖലകളിൽ ഒട്ടനവധി ആളുകളുടെ സർഗാത്മക അധ്വാനം അടങ്ങിയിട്ടുണ്ടെന്നും സാങ്കേതികവിദ്യയുടെ വളർച്ചയോടെ മറ്റുള്ളവരുടെ സൃഷ്ടികൾ അനുകരിക്കാനും പകർപ്പവകാശം (Copyright) ലംഘിക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. കേരള ജുഡീഷ്യൽ അക്കാദമിയും നുവാൽസും (NUALS) സംയുക്തമായി സംഘടിപ്പിക്കുന്ന ‘മ്യൂസിക്, സിനിമ ആന്‍ഡ് ലോ: എക്സ്പ്ലോറിങ് ദ ഇന്റര്‍സെക്ഷന്‍സ് ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് ലോ' ദേശീയ സെമിനാർ എറണാകുളം ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 13 വരെയാണ് സെമിനാർ നടക്കുന്നത്.
കോടികളുടെ നിക്ഷേപത്തിലും കഠിനാധ്വാനത്തിലും നിർമ്മിക്കപ്പെടുന്ന സിനിമകളെ പൈറസി വൻതോതിൽ ബാധിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിയമപരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സിനിമാ വ്യവസായത്തെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് സംഗീതവും ചിത്രങ്ങളും ദൃശ്യങ്ങളും നിർമ്മിക്കപ്പെടുന്ന കാലഘട്ടത്തിൽ ഡിജിറ്റൽ വ്യാജപ്രചാരണങ്ങളും (Deepfakes) സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രമുഖരുടെ വ്യാജ ദൃശ്യങ്ങൾ പോലും എ.ഐ വഴി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പുതിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ നിയമ ചട്ടക്കൂടുകളിൽ (Legal Framework) മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. സാമ്പത്തികമായും സാമൂഹികമായും രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന സമയത്ത് കല മനുഷ്യന് ആശ്വാസം നൽകുന്നുണ്ടെന്നും കലയും കലാകാരന്മാരും ദൈവത്തിന്റെ വരദാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് വി. മോഹന മുഖ്യാതിഥിയായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്നിഹിതനായിരുന്നു.
കല മനുഷ്യാനുഭവങ്ങളെ ആവിഷ്കരിക്കുമ്പോൾ നിയമം അവയെ സംരക്ഷിക്കുന്നു: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
നിയമം, സംഗീതം, സിനിമ എന്നിവ മനുഷ്യന്റെ പെരുമാറ്റവുമായും വികാരങ്ങളുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അഭിപ്രായപ്പെട്ടു. കല മനുഷ്യാനുഭവങ്ങളെ ആവിഷ്കരിക്കുമ്പോൾ, നിയമം അവയെ ക്രമീകരിക്കാനും സംരക്ഷിക്കാനും ശ്രമിക്കുകയാണ്. സംഘർഷങ്ങൾ നിറഞ്ഞ ആധുനിക ലോകത്ത് സംഗീതത്തിന് മനസ്സിന് ശാന്തത നൽകാൻ സാധിക്കുമെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ അദ്ദേഹം സ്മരിച്ചു. സംഗീതവും സിനിമയും കേവലം വിനോദം മാത്രമല്ല, സമൂഹത്തിന്റെ സാംസ്കാരിക അടയാളങ്ങൾ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിക്ക് പിന്തുണ നൽകിയ സാംസ്കാരിക വകുപ്പിനും വിവിധ സാംസ്കാരിക അക്കാദമികൾക്കും ചീഫ് ജസ്റ്റിസ് നന്ദി രേഖപ്പെടുത്തി.
കേരള ഹൈക്കോടതി ജഡ്ജിയും കേരള ജുഡീഷ്യൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് പ്രസിഡന്റുമായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ചടങ്ങിൽ പ്രമേയാധിഷ്ഠിത പ്രഭാഷണം നടത്തി. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ കെ. എൻ. സുജിത്, മറ്റ് ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ വിഷയങ്ങളിൽ അക്കാദമിക ചർച്ചകൾ
സംഗീതം, സിനിമ, പകർപ്പവകാശം, നിർമ്മിതബുദ്ധി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സർഗാത്മക അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സമകാലിക നിയമപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ കേരള കലാമണ്ഡലത്തിന്റെ "നവരസ" ശാസ്ത്രീയ നൃത്താവതരണവും കൊൽക്കത്ത ഐടിസി സംഗീത റിസർച്ച് അക്കാദമിയുമായി സഹകരിച്ചുള്ള സംഗീത പരിപാടിയും നങ്ങ്യാർകൂത്തും അരങ്ങേറി.
വരും ദിവസങ്ങളിൽ നടക്കുന്ന അക്കാദമിക സെഷനുകളിൽ സംഗീതത്തിലെ പകർപ്പവകാശം, സിനിമ-സംഗീത കരാറുകൾ, എ.ഐ ഉയർത്തുന്ന നിയമപ്രശ്നങ്ങൾ, നൃത്തസംവിധാനത്തിലെ പകർപ്പവകാശം എന്നിവ ചർച്ച ചെയ്യും. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ, നിയമപണ്ഡിതർ, ചലച്ചിത്ര സംവിധായകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.