സ്കൂളുകളിൽ ആധാർ ക്യാമ്പുകൾ എറണാകുളം ജില്ലയിൽ വിപുലമായ പദ്ധതിക്ക് തുടക്കമായി

എറണാകുളം ജില്ലയിലെ സ്കൂളുകളിൽ 5, 15 വയസ്സ് തികഞ്ഞ കുട്ടികൾക്കായി മാൻഡേറ്ററി ആധാർ ബയോമെട്രിക് അപ്ഡേറ്റ് ക്യാമ്പുകൾ വരുന്നു. 2026 ഓഗസ്റ്റോടെ ജില്ലയിലെ എല്ലാ സ്കൂളുകളിലും ക്യാമ്പുകൾ പൂർത്തിയാക്കും.

സ്കൂളുകളിൽ ആധാർ ക്യാമ്പുകൾ എറണാകുളം ജില്ലയിൽ വിപുലമായ പദ്ധതിക്ക് തുടക്കമായി
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആധാർ ബോധവൽക്കരണ പോസ്റ്ററുകൾ കൈമാറിക്കൊണ്ട് ജില്ലാ കളക്ടർ ജി. പ്രിയങ്ക ആധാർ ക്യാമ്പുകൾക്ക് തുടക്കം കുറിക്കുന്നു
സ്കൂളുകളിൽ ആധാർ ക്യാമ്പുകൾ എറണാകുളം ജില്ലയിൽ വിപുലമായ പദ്ധതിക്ക് തുടക്കമായി

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ആധാർ ബയോമെട്രിക് പുതുക്കൽ ക്യാമ്പുകൾ: എറണാകുളം ജില്ലയിൽ തുടക്കമായി

​കൊച്ചി: അഞ്ചും പതിനഞ്ചും വയസ്സ് തികഞ്ഞ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനായി (Mandatory Biometric Update) എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പുകൾ ആരംഭിക്കുന്നു. സംസ്ഥാനത്ത് ഏകദേശം 11 ലക്ഷത്തോളം കുട്ടികൾ ഇനിയും ആധാർ വിവരങ്ങൾ പുതുക്കാനുണ്ടെന്ന യു.ഐ.ഡി.എ.ഐ (UIDAI) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സത്വര നടപടി.

​2026 ഓഗസ്റ്റോടെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ക്യാമ്പുകൾ പൂർത്തിയാക്കാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവ്വഹിച്ചു. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആധാർ ബോധവൽക്കരണ പോസ്റ്ററുകൾ കൈമാറിക്കൊണ്ടാണ് കളക്ടർ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചത്.

​ഓരോ വിദ്യാലയത്തിലും ക്യാമ്പ് നടത്തുന്ന തീയതി തപാൽ വകുപ്പ് മുൻകൂട്ടി നിശ്ചയിച്ച് സ്കൂൾ അധികൃതരെ അറിയിക്കും. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, എറണാകുളം ഡിവിഷൻ തപാൽ സീനിയർ സൂപ്രണ്ട് സയ്യിദ് അൻസാർ, ആലുവ ഡിവിഷൻ തപാൽ സീനിയർ സൂപ്രണ്ട് ജിസ്സി ജോർജ് എന്നിവർ പങ്കെടുത്തു. ആധാർ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കാത്തത് കുട്ടികൾക്ക് ഭാവിയിൽ സ്കോളർഷിപ്പുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും തടസ്സമാകാതിരിക്കാനാണ് ഈ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.