തിരഞ്ഞെടുപ്പ് അക്രമം
സംഘർഷഭരിതം: തിരുവനന്തപുരത്തും കണ്ണൂരിലും തിരഞ്ഞെടുപ്പ് അക്രമം, നിരവധി ഓഫീസുകൾ തകർത്തു തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ
സംഘർഷഭരിതം: തിരുവനന്തപുരത്തും കണ്ണൂരിലും തിരഞ്ഞെടുപ്പ് അക്രമം, നിരവധി ഓഫീസുകൾ തകർത്തു
തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വ്യാപകമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾക്കിടെ തിരുവനന്തപുരം തിരുമലയിൽ സി.പി.എം-ബി.ജെ.പി സംഘർഷമുണ്ടായി. കണ്ണൂർ പാറാട് യു.ഡി.എഫ് പ്രവർത്തകന്റെ വീടിന് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു.
തിരുവനന്തപുരത്ത് സംഘർഷം, ഓഫീസുകൾ തകർത്തു
തിരുവനന്തപുരത്ത് തൃക്കണ്ണാപുരം വാർഡിലെ പ്ലാവിളയിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സി.പി.എം., ബി.ജെ.പി. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തിന്റേയും തിരഞ്ഞെടുപ്പ് ഓഫീസുകൾ തകർക്കപ്പെട്ടു. പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആർ.എസ്.എസ്. പ്രവർത്തകൻ ആനന്ദ് കെ.തമ്പി ജീവനൊടുക്കിയ വാർഡായിരുന്നു ഇത്. ഇത്തവണ തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ വാർഡുകൾ ബി.ജെ.പിയിൽ നിന്നും സി.പി.എം. പിടിച്ചെടുത്തിരുന്നു. സി.പി.എമ്മിന്റെ ആഹ്ലാദ പ്രകടനം പോകുന്നതിനിടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് തകർത്തതാണ് സംഘർഷങ്ങളുടെ തുടക്കമെന്നാണ് റിപ്പോർട്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ യു.ഡി.എഫ്. പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
കണ്ണൂർ പാറാട് കുന്നോത്തപറമ്പ് പഞ്ചായത്തിലെ തോൽവിക്കു പിന്നാലെ യു.ഡി.എഫ്. പ്രവർത്തകന്റെ വീടിന് നേരെ സി.പി.എം. പ്രവർത്തകരുടെ ആക്രമണം. പാർട്ടി കൊടി കൊണ്ട് മുഖം മൂടി വടിവാളുമായി എത്തിയ അക്രമി സംഘമാണ് ആക്രമണം നടത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന കാറും ബൈക്കും ഇവർ നശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ചവർക്കുനേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

