റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ റാഹത് പദ്ധതി
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് റാഹത് പദ്ധതിയിലൂടെ 1.5 ലക്ഷം രൂപ വരെ സൌജന്യ അടിയന്തര ചികിത്സ. ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ 'റാഹത്' പദ്ധതി: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു
തിരുവനന്തപുരം: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ 'റാഹത്' (പ്രൈംമിനിസ്‌റ്റേഴ്സ് റോഡ് ആക്സിഡൻ്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ്) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ അനു കുമാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും സാമ്പത്തിക പ്രയാസങ്ങൾ കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കും.
ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പുറമെ ട്രോമ കെയർ സൗകര്യങ്ങളുള്ള കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ യോഗത്തിൽ തീരുമാനമായി. അപകടം നടന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന രീതിയിൽ പൂർണ്ണമായും ഓൺലൈൻ പോർട്ടലുകൾ വഴിയാണ് റാഹത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന റോഡ് സേഫ്‌റ്റി അതോറിട്ടിയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും യോഗത്തിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം നിസ എ, പോലീസ്, റോഡ് സേഫ്റ്റി അതോറിട്ടി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.