മയക്കുമരുന്നിനെതിരെ ഒരുമിച്ച് പോരാടണം മൂവാറ്റുപുഴയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ സമ്മേളനം ഡോ. മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ ലഹരി വിരുദ്ധ പൊതുസമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ഒരുമിച്ച് പോരാടണം: മൂവാറ്റുപുഴയിൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ പൊതുസമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി അബ്‌ദുൾ മുനീർ പി. അദ്ധ്യക്ഷത വഹിച്ചു. ട്രാഫിക് എൻഫോഴ്‌മെൻ്റ് യൂണിറ്റ് സബ്ബ് ഇൻസ്പെക്ടർ കെ.പി. സിദ്ദിഖ് ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സബ്ബ് ഇൻസ്പെക്ടർ സി.പി. ബഷീർ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
മൂവാറ്റുപുഴ ആർ.ഡി.ഓ വി.ഇ. അബ്ബാസ്, നഗരസഭ ചെയർപേഴ്സൺ ജോയ്‌സ് മേരി ആൻ്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ആരക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാബു പൊതൂർ, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് അസീസ്, മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാൻ്റി അബ്രഹാം, ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീമോൻ പോൾ, മുനിസിപൽ കൗൺസിലർ രാജശ്രീ രാജു, ഫാദർ ആൻ്റണി പുത്തൻകുളം, മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്, ഊന്നുകൽ ഇൻസ്‌പെകടർ ബി.എസ്. ആദർശ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക സംഘടന ഭാരവാഹികൾ, വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകർ എന്നിവരും എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് & ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും സമ്മേളനത്തിൽ അണിനിരന്നു. കൂടാതെ കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശമുയർത്തുന്ന ഷോർട്ട് ഫിലിം പ്രദർശനവും നടന്നു. നിർമ്മല കോളേജ്, ഗവൺമെൻ്റ് മോഡൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, സ്കിറ്റ്, കുച്ചുപ്പുടി തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.