സ്‌കൂളുകളിൽ കതിർ ക്ലബ്ബുകൾ വരുന്നു പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് പരിഗണനയിലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്
വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്താൻ സംസ്ഥാനത്തെ സ്‌കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിക്കുമെന്നും പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പരിഗണിക്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
സ്‌കൂളുകളിൽ 'കതിർ ക്ലബ്ബുകൾ' വരുന്നു; പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് പരിഗണനയിലെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും 'കതിർ ക്ലബ്ബുകൾ' ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സ്‌കൂൾ കരിക്കുലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തും. ഇതിനൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കുട്ടികൾക്ക് പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം സമേതിയിൽ (സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) നടന്ന കൃഷിവകുപ്പ് ഫീൽഡ് ലെവൽ ഓഫീസർമാരുടെ പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്ഥാപന പ്രതിനിധികളും പ്രമുഖ കർഷകരും ഉൾപ്പെടുന്ന പ്രത്യേക ബാക്കപ്പ് കമ്മിറ്റികൾക്കായിരിക്കും സ്‌കൂളുകളിലെ കതിർ ക്ലബ്ബുകളുടെ മേൽനോട്ട ചുമതല.
കാർഷിക മേഖലയിൽ രണ്ടാം ഭൂവിപ്ലവം
സംസ്ഥാനത്തെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കൃഷിവകുപ്പ് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ട്രോപ്പിക്കൽ റീജിയണുകളിലെ വിദേശ പഴവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 'എക്‌സോട്ടിക് ഫ്രൂട്ട്‌സ് മിഷൻ' ആരംഭിക്കും. സംസ്ഥാനത്തെ 64 സർക്കാർ ഫാമുകളെ പുനരുദ്ധരിച്ച് ടൂറിസം മേഖലയുമായി ബന്ധിപ്പിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ഈ ഫാമുകളെ ഗുണമേന്മയുള്ള വിത്തുകളുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ കർഷകർക്കായി 'ഹരിത സഖി'
ഐക്യരാഷ്ട്ര സംഘടന 2026-നെ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, വനിതാ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അഞ്ച് വർഷം നീണ്ടുനിൽക്കുന്ന 'ഹരിത സഖി' പദ്ധതിക്ക് വകുപ്പ് രൂപം നൽകും. പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്താൻ പ്രത്യേക മിഷൻ ഇവാലുവേഷൻ സംവിധാനവും ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം എന്നിവയ്ക്ക് ശാസ്ത്രീയമായ പ്രതിരോധ മാതൃകകൾ കണ്ടെത്താൻ സ്റ്റാർട്ടപ്പുകളെ കൂടി ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കും.
സ്‌കൂളുകൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകളിലേക്കും കുടുംബശ്രീകൾ, വ്യാപാരികൾ എന്നിവരിലേക്കും കതിർ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തരിശുഭൂമികളുടെയും ഉപയോഗശൂന്യമായി കിടക്കുന്ന സ്വകാര്യ ഭൂമികളുടെയും മാപ്പിങ്ങ് നടപടികൾ വേഗത്തിലാക്കും. സോയിൽ ടെസ്റ്റിംഗ് സംവിധാനങ്ങൾ പൂർണ്ണമായും സമഗ്രതലത്തിലേക്ക് മാറ്റുകയും എല്ലാ ലാബുകളും ഡിജിറ്റലായി ബന്ധിപ്പിക്കുകയും ചെയ്യും. വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 'കതിർ ആപ്പ്' ഉടൻ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി സുഭാഷ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ വി.ദീപ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

