​ഇല്ലാത്ത ചികിത്സാരേഖകളുടെ പേരിൽ ക്ലെയിം നിഷേധിച്ചു സ്റ്റാർ ഇൻഷുറൻസിന് കനത്ത പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

നിലവിലില്ലാത്ത ചികിത്സാരേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി. ചികിത്സാച്ചെലവും നഷ്ടപരിഹാരവും ഉൾപ്പെടെ പരാതിക്കാരന് അനുകൂലമായാണ് വിധി.

​ഇല്ലാത്ത ചികിത്സാരേഖകളുടെ പേരിൽ ക്ലെയിം നിഷേധിച്ചു സ്റ്റാർ ഇൻഷുറൻസിന് കനത്ത പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ
​ഇല്ലാത്ത ചികിത്സാരേഖകളുടെ പേരിൽ ക്ലെയിം നിഷേധിച്ചു; സ്റ്റാർ ഇൻഷുറൻസിന് കനത്ത പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

​ഇല്ലാത്ത ചികിത്സാരേഖകളുടെ പേരിൽ ക്ലെയിം നിഷേധിച്ചു; സ്റ്റാർ ഇൻഷുറൻസിന് ഉപഭോക്തൃ കമ്മീഷന്റെ പിഴ

മലപ്പുറം: നിലവിലില്ലാത്ത ചികിത്സാരേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ പിഴ. ചികിത്സാച്ചെലവായ 2,00,848 രൂപയും, നഷ്ടപരിഹാരമായി 20,000 രൂപയും, കോടതിച്ചെലവിലേക്ക് 5,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. നിശ്ചിത സമയത്തിനകം തുക നൽകി തീർത്തില്ലെങ്കിൽ ഒൻപതു ശതമാനം പലിശയും നൽകേണ്ടിവരും.

​പത്തപ്പിരിയം സ്വദേശി മുജീബ് റഹ്‌മാൻ നൽകിയ പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും, പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി.വി. എന്നിവർ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി പ്രസ്താവിച്ചത്.

​തന്റെ വൃദ്ധയായ ഉമ്മയുടെ ചികിത്സാച്ചെലവ് ലഭിക്കുന്നതിനായാണ് മുജീബ് റഹ്‌മാൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. നാല് ആശുപത്രികളിലായി 20 ദിവസത്തിലധികമാണ് ഇവർ ചികിത്സയിൽ കഴിഞ്ഞത്. എന്നാൽ, പോളിസി എടുക്കുന്നതിന് മുൻപ് തന്നെ രോഗിക്ക് ഹൃദയ-ശ്വസന സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നും ആരോപിച്ചാണ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. ഇതിനായി മുൻപ് നടത്തിയ ചികിത്സയുടെ രേഖകൾ ഹാജരാക്കാനും കമ്പനി ആവശ്യപ്പെട്ടു.

​എന്നാൽ പോളിസി എടുക്കുമ്പോൾ ഇങ്ങനെയൊരു രോഗമുള്ളതായി തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും, മുൻപ് ചികിത്സ തേടിയിട്ടില്ലാത്തതിനാൽ അത്തരം രേഖകൾ കൈവശമില്ലെന്നും പരാതിക്കാരൻ കമ്പനിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുക്കാതെ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് മുജീബ് റഹ്‌മാൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. നിലവിലില്ലാത്ത ചികിത്സാരേഖകൾ ആവശ്യപ്പെട്ട് ഇൻഷുറൻസ് നിഷേധിക്കുന്നത് സേവനത്തിലെ ഗുരുതരമായ വീഴ്ചയും അനുചിത വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ വിലയിരുത്തി.