ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കരുത് പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി
പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത് തടയാൻ പൊലീസിന് അധികാരമില്ലെന്നും അവരെ നിർബന്ധിതമായി പുനരധിവസിപ്പിക്കരുതെന്നും സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം
ലൈംഗികത്തൊഴിലാളികളുടെ സ്വയംനിർണയാവകാശം ബഹുമാനിക്കണം, നിർബന്ധിത പുനരധിവാസം പാടില്ല: സുപ്രീംകോടതി
ന്യൂഡൽഹി: സ്വമേധയാ നടത്തുന്ന ലൈംഗികത്തൊഴിൽ നിയമവിരുദ്ധമായി കാണാനാകില്ലെന്ന് സുപ്രീംകോടതി. ലൈംഗികവൃത്തിക്കായി എത്തിക്കപ്പെടുന്ന ഇരകളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ നിർണായക നിലപാട് വ്യക്തമാക്കിയത്.
70 വർഷം പഴക്കമുള്ള ‘ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട്’ (ITPA) പ്രകാരം, പ്രായപൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികവൃത്തിയിൽ ഏർപ്പെടുന്നത് തടയാൻ പൊലീസിന് അധികാരം നൽകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തം താല്പര്യപ്രകാരം ഈ തൊഴിൽ ചെയ്യുന്നവരെ റെയ്ഡുകൾ നടത്തി പിടികൂടാനോ, കസ്റ്റഡിയിലെടുക്കാനോ ശ്രമിക്കരുത്. ഇത്തരത്തിൽ സ്വമേധയാ തൊഴിൽ ചെയ്യുന്നവരെ 'ഇരകൾ' എന്ന് വിളിച്ച് നിർബന്ധിതമായി പുനരധിവസിപ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരെ പൊലീസ് ഉപദ്രവിക്കുന്ന പ്രവണത ഉണ്ടാകരുതെന്ന് കോടതി കർശന നിർദേശം നൽകി. പുനരധിവാസ കാര്യങ്ങളിൽ പ്രായപൂർത്തിയായവരുടെ തീരുമാനത്തിനും സമ്മതത്തിനുമായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. പുനരധിവാസം എന്നത് ആരുടെയും മേൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. സഹായങ്ങൾ നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെങ്കിലും അത് അവരുടെ മേൽ അടിച്ചേൽപ്പിക്കാൻ അധികമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലൈംഗികത്തൊഴിലാളികളെ എപ്പോഴും രക്ഷപ്പെടുത്തേണ്ടവരായി മാത്രം കാണാതെ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെയും സ്വയംനിർണയാവകാശത്തെയും ബഹുമാനിക്കാൻ സമൂഹം തയാറാകണം. ഐടിപിഎ സെക്ഷൻ 17 പ്രകാരമുള്ള പരമ്പരാഗത സമീപനത്തെ കോടതി തള്ളി. മനുഷ്യക്കടത്തിന് (Human Trafficking) ഇരയായി ഈ രംഗത്തേക്ക് എത്തിയവരും, സ്വന്തം താല്പര്യപ്രകാരം ഉപജീവനത്തിനായി ഈ തൊഴിൽ തിരഞ്ഞെടുത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. എല്ലാ കേസുകളെയും ഒരേ രീതിയിൽ കാണാതെ, സാഹചര്യങ്ങൾ കൃത്യമായി പഠിച്ച ശേഷമായിരിക്കണം അധികൃതർ തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.

